വോട്ടുകള്‍ കാണാതായ സംഭവം: പഴകുളത്ത് റീ പോളിങിന് സാധ്യതയില്ല; ഉദ്യോഗസ്ഥനെതിരെ നടപടി
പഴകുളം ശ്രീകൃഷ്ണവിലാസം യുപി സ്‌കൂളിലെ 23ാാം ബൂത്തില്‍ ആകെയുള്ളത് 1091 വോട്ടാണ്. ഇതില്‍ 843പേര്‍ വോട്ട് ചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 820 വോട്ടുകളുടെ കണക്കേയുള്ളു. ഇതാണ് വിവാദമായത്.
തിരുവനന്തപുരം: അടൂര്‍ പഴകുളം ആലുമൂട് യുപി സ്‌കൂളിലെ 23 വോട്ടുകള്‍ കാണാതായ സംഭവത്തില്‍ റീ പോളിങിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ആകെ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്താല്‍ മാത്രമേ റീപോളിങ്ങിന് സാധ്യയുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ഇലക്ടറല്‍ ഓഫിസറാണ്.
അതേസമയം, ബൂത്തില്‍ ചുമതലയുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കി. ജില്ലാ വരണാധികാരി കൂടിയായ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പു ജോലിക്ക് ഉണ്ടായിരുന്ന കെഎസ്ഇബി സീനിയര്‍ സൂപ്രണ്ടിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
ഇദ്ദേഹം നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. വോട്ടു ചെയ്യാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ എല്ലാ ബീപ് ശബ്ദങ്ങളും ശ്രദ്ധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. പോളിങ് ബൂത്തില്‍ എത്തിയവര്‍ വോട്ടു രേഖപ്പെടുത്താതെ മടങ്ങിയതാണ് കാണാതാവലിന് കാരണമായി പറയുന്നത്.
പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട പഴകുളം ശ്രീകൃഷ്ണവിലാസം യുപി സ്‌കൂളിലെ 23ാാം ബൂത്തില്‍ ആകെയുള്ളത് 1091 വോട്ടാണ്. ഇതില്‍ 843പേര്‍ വോട്ട് ചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 820 വോട്ടുകളുടെ കണക്കേയുള്ളു. ഇതാണ് വിവാദമായത്. കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ചെയ്ത വോട്ടുകളുടെ മൊത്തം എണ്ണം ലഭിക്കും. വോട്ടര്‍മാര്‍ എത്ര പേര്‍ വിരലില്‍ മഷി പുരട്ടിയെന്ന് അറിയാന്‍ രജിസ്റ്ററിലെ എണ്ണം നോക്കിയാല്‍ മതി. ഈ രണ്ടു കണക്കും ഒത്തു വരുന്നുണ്ടോ എന്നു നോക്കിയ ശേഷമാണ് ബൂത്തിലെ വോട്ടിങ് ശതമാന കണക്ക് ഉദ്യോഗസ്ഥര്‍ കേന്ദ്രീകൃത ഓഫിസില്‍ അറിയിക്കുന്നത്. എന്നാല്‍, പഴകുളം സ്‌കൂളിലെ ബൂത്തില്‍ ഇത്തരത്തില്‍ താരതമ്യം നടന്നിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി.
സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും റീപോളിങ് ആവശ്യപ്പെട്ടിരുന്നു. 23 വോട്ടിന് ഏതെങ്കിലും സ്ഥാനാര്‍ഥി തോറ്റാല്‍ മാത്രം റീ പോളിങ് മതിയെന്നാണ് എന്‍ഡിഎ നിലപാട്.