കരുത്തനായി കൊടിക്കുന്നില്‍; മാവേലിക്കര കീഴടക്കാന്‍ അടവുമായി ചിറ്റയം
കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നതില്‍ സാമുദായിക വോട്ടുകള്‍ നിര്‍ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെങ്കിലും ലോക്‌സഭയില്‍ യുഡിഎഫിനോടാണ് മണ്ഡലത്തിന് കൂറ്. അട്ടിമറിയിലൂടെ എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രവും മാവേലിക്കരക്കുണ്ട്.
മാവേലിക്കര: മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാവേലിക്കര. കോണ്‍ഗ്രസിന്റെ കുത്തകയായി വിലയിരുത്തപ്പെടുന്ന സംവരണ മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തവണയും കോണ്‍ഗ്രസിനൊപ്പമാണെങ്കിലും അട്ടിമറിയിലൂടെ എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രവും മാവേലിക്കരക്കുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നതില്‍ സാമുദായിക വോട്ടുകള്‍ നിര്‍ണായകമാണ്. ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെങ്കിലും ലോക്‌സഭയില്‍ യുഡിഎഫിനോടാണ് മണ്ഡലത്തിന് കൂറ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങനാശേരി ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. നിയമസഭയിലേക്കുള്ള പിന്തുണ ലോക്‌സഭയിലേക്ക് ലഭിക്കാത്തതിനാല്‍ എല്‍ഡിഎഫിന് അമിത വിജയപ്രതീക്ഷയില്ലാത്ത മണ്ഡലമാണിത്. സംവരണ മണ്ഡലമായതിനുശേഷം കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് ഇവിടെ വിജയിപ്പിച്ചത്. രണ്ടുതവണയും വിജയിച്ച കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. മൂന്നാമങ്കത്തിലും കൊടിക്കുന്നില്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
എല്‍ഡിഎഫില്‍ സിപിഐയുടെ മണ്ഡലമാണ് മാവേലിക്കര. 2009ല്‍ സംവരണ മണ്ഡലമായി മാറിയതോടെയാണ് ഈ സീറ്റ് സിപിഐക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ പോലും സിപിഐക്ക് ഇവിടെനിന്നും ജയിക്കാനായിട്ടില്ല. പാര്‍ട്ടിയിലെ പ്രമുഖരെ രംഗത്തിറക്കിട്ടും ഫലം കാണാതെ വന്നതോടെ ഇക്കുറി സിറ്റിങ് എംഎല്‍എയെ അങ്കത്തട്ടിലിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള അണിയറനീക്കങ്ങളാണ് സിപിഐ നടത്തുന്നത്. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് കൊടിക്കുന്നിലിന്റെ എതിരാളി. 2009ല്‍ സിപിഐയുടെ ആര്‍ എസ് അനിലിനെ 48,048 വോട്ടുകള്‍ക്കാണ് കൊടിക്കുന്നില്‍ സുരേഷ് തോല്‍പിച്ചത്. 2014ല്‍ മല്‍സരിച്ച മുന്‍ എംഎല്‍എ ചെങ്ങറ സുരേന്ദ്രന്‍ 32000ത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2009നെ അപേക്ഷിച്ച് 2014ല്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവുണ്ടായത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു.
ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സിന് ആശ്വസിക്കാന്‍ ഏറെ വകയുണ്ടെങ്കിലും അട്ടിമറിയിലൂടെ ഇവിടെ സിപിഎമ്മും ജനതാദളും ജയിച്ച ചരിത്രവുമുണ്ട്. 1951ലും 1957ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ തിരുവല്ല, അടൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മാവേലിക്കര. തിരുവല്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും അടര്‍ത്തിയെടുത്ത് 1962ലാണ് മാവേലിക്കര മണ്ഡലത്തിന്റെ രൂപീകരണം. 1962 മുതല്‍ 2014 വരെ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 10 തവണ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. ഇതില്‍ അഞ്ചുതവണ മണ്ഡലത്തില്‍ നിന്നും ജയിച്ചത് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പി ജെ കുര്യനാണ്. 1980ല്‍ ഇവിടെനിന്ന് ജയിച്ച പി ജെ കുര്യന്‍ 1989 മുതല്‍ 1999 വരെ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1984ല്‍ ജനതാദളിലെ റമ്പാന്‍ തോമസിലൂടെ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയെങ്കിലും 1989ല്‍ പി ജെ കുര്യനിലൂടെ വീണ്ടും യുഡിഎഫ് ആധിപത്യം നേടി. 1999ല്‍ രമേശ് ചെന്നിത്തലയെ രംഗത്തിറക്കി കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2004ല്‍ സിപിഎം യുവനേതാവ് സി എസ് സുജാത ഇവിടെ അട്ടിമറി വിജയം നേടി. രാജ്യത്ത് വീശിയ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ സിറ്റിങ് എംപിയായിരുന്ന ചെന്നിത്തലക്ക് കാലിടറി. 7414 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുജാത ലോക്‌സഭയിലേക്ക് ടിക്കറ്റെടുത്തത്.
എന്നാല്‍ അടൂര്‍ മണ്ഡലത്തിലെ ഏറിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തശേഷം 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെത്തി. അടൂരിന് പകരം സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയില്‍ പിന്നീട് രണ്ടുതവണയും ജയിച്ചത് കൊടിക്കുന്നിലാണ്. 2009ല്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച കൊടിക്കുന്നില്‍ സുരേഷ് ജാതി തെറ്റായി കാണിച്ചാണ് മല്‍സരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എതിര്‍സ്ഥാനാര്‍ഥി സിപിഐയിലെ ആര്‍ എസ് അനിലിന്റെ ഹരജിയില്‍ ഹൈക്കോടതി കൊടിക്കുന്നിലിനെ അയോഗ്യനാക്കിയെങ്കിലും സുപ്രീംകോടതി ഈ വിധി റദ്ദ് ചെയ്തു. 2012ല്‍ കേന്ദ്രമന്ത്രിയായ കൊടിക്കുന്നില്‍ സുരേഷ് 2014ലും മണ്ഡലം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ ഒരാളായായ കൊടിക്കുന്നില്‍ സുരേഷ് നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍കേന്ദ്രമന്ത്രിയും എംപിയുമെന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയും കൊടിക്കുന്നിലിനുണ്ട്.
ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. നിയമസഭയിലെ മികച്ച ജനപ്രതിനിധികളില്‍ ഒരാളായ ചിറ്റയം ഗോപകുമാറിനെ രംഗത്തിറക്കിയതിലൂടെ കൊടിക്കുന്നിലിനെ മുട്ടുകുത്തിക്കാമെന്നും എല്‍ഡിഎഫ് കരുതുന്നു. അടൂര്‍ മണ്ഡലത്തില്‍ ചിറ്റയത്തിനുള്ള സ്വീകാര്യതയാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസത്തിനു ആധാരം. മാത്രമല്ല, കേരള കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനം മാവേലിക്കരയില്‍ ഇത്തവണ തുണക്കുമെന്നാണ് ഇടതുപ്രതീക്ഷ. ഇതിനോടകം തന്നെ യുഡിഎഫിനേയും ബിജെപിയും വളരെയേറെ പിന്നിലാക്കി മണ്ഡലത്തില്‍ ഒന്നാംവട്ട പ്രചരണം എല്‍ഡിഎഫ് പൂര്‍ത്തിയാക്കി. ബൂത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ഗൃഹസന്ദര്‍ശനത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുമ്പോഴും യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കുന്നതേയുള്ളു.
ബിജെപി പേരിനുമാത്രമായി മല്‍സരിക്കുന്ന മണ്ഡലമാണ് മാവേലിക്കര. 2004ല്‍ ബിജെപിക്ക് 12 ശതമാനം വോട്ടുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. എന്നാല്‍ 2009ല്‍ എത്തിയപ്പോള്‍ ഇത് 5.1 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വോട്ടില്‍ നേരിയ വര്‍ധന മാത്രമാണ് പ്രകടമായത്. മണ്ഡലത്തില്‍ കഴിഞ്ഞ തവണ ദലിത് മോര്‍ച്ച നേതാവ് പി സുധീറായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ പി എം വേലായുധന്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവുമധികം ദുരിതം നേരിട്ട മണ്ഡലങ്ങളാണ് മാവേലിക്കരയിലുള്ളത്. പ്രളയത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഫലനിര്‍ണയമാവും മാവേലിക്കരയിലെ മല്‍സരം.