മക്‌സിക്കോ സിറ്റി: അഞ്ചാം തവണയും ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ഷിപ് കിരീടം ചൂടി ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടന്‍. ചാംപ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്താന്‍ മെക്‌സിക്കന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ വെറും അഞ്ച് പോയിന്റ് മാത്രം വേണ്ടിയിരുന്ന ഹാമില്‍ട്ടന്‍ നാലാം സ്ഥാനത്തെത്തിയതോടെയാണ് വീണ്ടും കാറോട്ടത്തിലെ വേഗരാജാവായി തിരഞ്ഞെടുക്കപ്പെട്ടത്.
കൂടാതെ, പ്രധാന എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഹാമില്‍ട്ടന്റെ കിരീടനേട്ടത്തിന് സഹായമായി. ഇവിടെ റെഡ്ബുളിന്റെ മാക്‌സ് വെസ്തപ്പനാണ് ഒന്നാമതെത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ കിരീടം ചൂടുന്നത്. ഹാമില്‍ട്ടന് വെല്ലുവിളി ഉയര്‍ത്തിയ സെബാസ്റ്റ്യന്‍ വെറ്റലിനാണ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം.
ഇതോടെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ കിരീടം ചൂടിയവരില്‍ ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനം പങ്കിട്ടു. അര്‍ജന്റീനയുടെ യുവാന്‍ മാനുവല്‍ ഫാന്‍ഗിയോ ആണ് മുമ്പ് അഞ്ച് തവണ കിരീടം ചൂടിയ മറ്റൊരു താരം. ഏഴ് തവണ കിരീടം ചൂടിയ ജര്‍മന്‍ ഇതിഹാസ താരം മൈക്കിള്‍ ഷുമാക്കര്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.