വെള്ളത്തിനടിയില്‍ നിന്നൊരു മീ ടൂ...

Update: 2017-10-21 03:18 GMT
ന്നേവരെ തുറന്നുപറയാന്‍ മടിച്ച പല ലൈംഗികാതിക്രമങ്ങളും തുറന്നടിച്ചപോലെ പറയാന്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പീഡാനുഭവങ്ങള്‍ തുറന്നുപറയാന്‍ 'മീ ടൂ' എന്നൊരു കാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന ദുരനുഭവങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ മുഖ്യധാരാ മാധ്യമങ്ങളിലും പീഡനവാര്‍ത്തകള്‍ നിറയുകയാണ്.അത്തരമൊരു പീഡനകഥയാണ് പറഞ്ഞുവരുന്നത്.

കഥയിലെ വില്ലനെ നിങ്ങളറിയും. ഗപ്പി എന്നാണു പേര്. അലങ്കാരമല്‍സ്യം എന്ന നിലയിലും നല്ലൊരു കൊതുകുവേട്ടക്കാരന്‍ എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനം നയിച്ചുപോരുന്ന കുഞ്ഞു മല്‍സ്യം. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നാണു നിയമമെങ്കിലും തല്‍ക്കാലം അതു പറയാതെ വയ്യ. ആളൊരു മെക്‌സിക്കന്‍ സുന്ദരിയാണ്. സ്‌കിഫിയ ബിലിനിയേറ്റ എന്ന മറ്റൊരു കുഞ്ഞുമീന്‍.

[caption id="attachment_292130" data-align="alignnone" data-width="560"]
സ്‌കിഫിയ പെണ്‍മല്‍സ്യം പശ്ചാത്തലത്തിലുള്ളത് ആണ്‍ മല്‍സ്യം[/caption]

പരാതി ഇപ്രകാരമാണ്. ആണ്‍ഗപ്പികള്‍ പെണ്‍ സ്‌കിഫിയകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. പീഡനംമൂലം സ്‌കിഫിയകള്‍ക്കു പ്രജനനശേഷി പോലും നഷ്ടപ്പെടുന്നു. ലൈംഗികാതിക്രമത്തിലൂടെ വംശഹത്യ. അതീവ ഗുരുതരമായ കുറ്റം.

പെണ്‍ സ്‌കിഫിയകളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പെണ്‍ഗപ്പികള്‍ തന്നെയാണെന്നു തോന്നും. 'ഇവനൊക്കെ കോലില്‍ തുണിചുറ്റിയാലും മതി'യെന്ന് സ്ത്രീകള്‍ ചില പുരുഷന്‍മാരെപ്പറ്റി പറയുന്നതുപോലെത്തന്നെയാണ് ആണ്‍ഗപ്പികളുടെ സ്ഥിതി. ദിവസത്തിന്റെ 45 ശതമാനവും ഇണചേരാന്‍ പെണ്‍മീനുകളുടെ പിറകേ ഓടിനടക്കുന്ന ഇവന്‍മാരുടെ കണ്ണില്‍പ്പെട്ടാല്‍ പിന്നെ സ്‌കിഫിയപ്പെണ്ണുങ്ങള്‍ക്കും രക്ഷയില്ല.

[caption id="attachment_292145" data-align="alignnone" data-width="600"]
ഗപ്പി ആണും പെണ്ണും .( നിറമില്ലാത്തത് ഗപ്പിയുടെ പെണ്‍ മല്‍സ്യം)[/caption]

ആണ്‍ഗപ്പികളുടെ ഗോണോപോഡിയം എന്ന ലൈംഗികാവയവം ഇണചേരാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍ സ്‌കിഫിയകളുടെ ലൈംഗികാവയവത്തെ അടച്ചുകളയുന്നു എന്നാണ് ഇക്കാര്യം നിരീക്ഷിച്ച ഗവേഷകരുടെ കണ്ടെത്തല്‍. ആണ്‍ഗപ്പി പെണ്‍ഗപ്പിയുമായി ഇണചേരുമ്പോള്‍ ഇതേ പ്രക്രിയ മറ്റൊരുതരത്തിലാണു നടക്കുക. കൊളുത്തുപോലുള്ള ഗോണോപോഡിയം ഉപയോഗിച്ച് ആണ്‍ഗപ്പികള്‍ പെണ്‍ഗപ്പികളുടെ ലൈംഗികാവയവത്തില്‍ ചെറുതായി മുറിപ്പെടുത്തുമ്പോള്‍ ചെറിയതോതില്‍ വീക്കമുണ്ടായി അകത്തുപെട്ട ബീജം പുറത്തുപോവാതെ സൂക്ഷിക്കുമത്രേ. എന്നാല്‍, ഈ പരാക്രമം സ്‌കിഫിയകള്‍ക്ക്് വലിയ ഉപദ്രവമായി മാറുന്നു. അവയ്ക്ക് പ്രജനനശേഷി തന്നെ നഷ്ടപ്പെടുന്നു.

അധികമാരും അറിയാത്ത ഈ പീഡനകഥ പുറത്തുവന്നിട്ട് 10 വര്‍ഷത്തോളമായി. ഇപ്പോഴിതു പറയുന്നത് 'മീ ടൂ' കാംപയിനിനു പുറമേ മറ്റൊരു പശ്ചാത്തലത്തില്‍ക്കൂടിയാണ്.കൊതുകുനശീകരണത്തിനു വേണ്ടി നമ്മുടെ നാട്ടിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലാശയങ്ങളില്‍ ഗപ്പികള്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. കൊതുകു കൂത്താടികളെ തിന്നുനശിപ്പിക്കുമെന്നതിനാല്‍ നമ്മുടെ നാട്ടിലും ചില തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമൊക്കെ ഗപ്പികളെ വിതരണം ചെയ്തുവരുന്നു.



വെള്ളത്തിലെ ചപ്പുചവറുകളുടെയും മറ്റും ഇടയില്‍ ഒളിച്ചിരിക്കുന്ന കൊതുകു കൂത്താടികളെ പിടിച്ചുതിന്നാനുള്ള കഴിവാണ് ഗപ്പികളെ കൊതുകുവേട്ടക്കാര്‍ എന്ന നിലയില്‍ പ്രശസ്തരാക്കിയത്. തീരെ ചെറിയ മീനുകളായതിനാല്‍ ആഴംകുറഞ്ഞ അഴുക്കുചാലുകളില്‍പ്പോലും ഇവയ്ക്കു വളര്‍ന്ന് പെട്ടെന്ന് പെറ്റുപെരുകി കൊതുകുവേട്ട നടത്താന്‍ സാധിക്കും. നേരിയ ഉപ്പുരസമുള്ള വെള്ളമാണെങ്കിലും ഇവ സുഖമായി ജീവിക്കും.

കൊതുകിന്റെ കൂത്താടികളെ ഗപ്പികള്‍ മാത്രമല്ല, ഒട്ടുമിക്ക മല്‍സ്യങ്ങളും ഭക്ഷണമാക്കാറുണ്ട്. സത്യത്തില്‍ ഗപ്പികളേക്കാള്‍ നന്നായി കൊതുകുവേട്ട നടത്താന്‍ കഴിയുന്ന നിരവധി മീനുകളുണ്ട്. നമ്മുടെ നാട്ടിലെ മാനത്തുകണ്ണിയും തുപ്പലംകൊത്തിയുമൊക്കെ ഉദാഹരണം. എന്നാല്‍, ഗപ്പികളെയും ഗാംബൂസിയ എന്നറിയപ്പെടുന്ന മറ്റൊരു മല്‍സ്യത്തെയുമാണ് ലോകമെമ്പാടും പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ കൊതുകുനശീകരണത്തിനായി നിക്ഷേപിച്ചുവരുന്നത്.

ഇതിനൊരു പ്രധാന കാരണമുണ്ട്. ഓരോ സ്ഥലത്തെയും പാരിസ്ഥിതിക സന്തുലനം താറുമാറാക്കാന്‍ സാധ്യതയില്ലാത്തതും തദ്ദേശമല്‍സ്യങ്ങള്‍ക്ക് ശല്യമുണ്ടാക്കാത്തതുമായ മീനുകളെ മാത്രമേ ജലാശയങ്ങളില്‍ നിക്ഷേപിക്കാവൂ. മറ്റു മീനുകളെ തിന്നുതീര്‍ക്കാത്ത, അവയുടെ പ്രജനനം തടസ്സപ്പെടുത്താത്ത, മറ്റു ജലജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കുമൊന്നും ഉപദ്രവമുണ്ടാക്കാത്തതായി ഈ രംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയ മീനുകളാണ് ഗപ്പിയും ഗാംബൂസിയയും. ഇതിനിടയിലാണ് ഒരു ദേശീയ മാധ്യമത്തില്‍ കേരളത്തിലെ ഒരു പ്രശസ്ത ജലജീവി ഗവേഷകന്‍ സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കേരളത്തിലെ ജലാശയങ്ങളിലെല്ലാം തദ്ദേശീയ ജൈവവൈവിധ്യത്തിനു ഭീഷണിയാവും വിധം വിദേശ ജലജീവജാലങ്ങള്‍- മീനുകള്‍ മുതല്‍  ജലസസ്യങ്ങള്‍ വരെയുള്ളവ- അധിനിവേശം നടത്തിയിരിക്കുന്നു. ഇത്തരത്തില്‍ ഇവിടെ പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാക്കുന്ന മല്‍സ്യങ്ങളില്‍ തിലോപ്പിയയും ആഫ്രിക്കന്‍ മുഴുവും സക്കര്‍ക്യാറ്റും മാത്രമല്ല, നമ്മുടെ കുഞ്ഞു ഗപ്പികളുമുണ്ട്. ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും ഗപ്പികള്‍ മറ്റു മീനുകളുടെ മുട്ട തിന്നുന്നതായാണു പ്രധാന പരാതി. ഇതിനു പുറമേ ഗപ്പികള്‍ വഹിക്കുന്ന പരാദജീവികളും മറ്റു ജലജീവികള്‍ക്കു പ്രശ്‌നമുണ്ടാക്കുന്നുവത്രേ.



ഗപ്പികളെ സംബന്ധിച്ച ഇക്കാര്യങ്ങളും ശാസ്ത്രലോകത്തിന് പുതിയ അറിവല്ല. ഗപ്പികളെ ഒരിക്കലെങ്കിലും വളര്‍ത്തിയിട്ടുള്ളവര്‍ക്ക്് അറിയാവുന്നൊരു കാര്യമുണ്ട്. ജനിച്ചുവീഴുന്ന സ്വന്തം കുഞ്ഞുങ്ങളെ ഞൊടിയിടയില്‍ ഇവ അകത്താക്കും. ഗപ്പിക്കുഞ്ഞുങ്ങള്‍ മറ്റു പല മല്‍സ്യക്കുഞ്ഞുങ്ങളേക്കാളും വലുപ്പമുള്ളവയാണ്. ഇവയെ തിന്നുന്ന തള്ളമീനുകള്‍ക്ക്് മറ്റു മീനുകളുടെ കുഞ്ഞുങ്ങളെ അകത്താക്കാന്‍ മടിയോ പ്രയാസമോ ഉണ്ടാവില്ല. ഇതെല്ലാം സൗകര്യപൂര്‍വം അവഗണിച്ചാണ് നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ ഗപ്പികളെയും കുറച്ചുകൂടി ആക്രമണസ്വഭാവമുള്ള ഗാംബൂസിയകളെയും തുറന്നുവിടുന്നത് എന്നര്‍ഥം. യാതൊരു പ്രശ്‌നവുമുണ്ടാക്കാത്തതെന്നു വിശ്വസിപ്പിച്ചിരിക്കുന്ന ഗപ്പികളെക്കുറിച്ച് 'മീ ടൂ' ശൈലിയില്‍ ലൈംഗികാരോപണമാണ് സ്‌കിഫിയകള്‍ക്ക് ഉന്നയിക്കാനുള്ളതെങ്കില്‍ മനുഷ്യര്‍ക്ക് ചോദിക്കാനുള്ളതു മറ്റൊന്നാണ്- 'യൂ ടൂ'- ഗപ്പീ നീയും?

Similar News