മൂന്നാര്‍ സമരത്തിന്റെ വിജയം

Update: 2015-09-15 06:52 GMT
മൂന്നാറിലെ കണ്ണന്‍ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളി സ്ത്രീകള്‍ നടത്തിവന്ന പണിമുടക്കുസമരത്തിന്റെ വിജയം കേരളത്തിലെ തൊഴിലാളിസമര ചരിത്രത്തിലെത്തന്നെ ഉജ്ജ്വലമായ ഒരു പുതിയ അധ്യായമായി നിലനില്‍ക്കും. സമരരംഗത്ത് ഉറച്ചുനിന്ന തൊഴിലാളിസ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തുവെന്നതു മാത്രമല്ല, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളാലും ട്രേഡ് യൂനിയന്‍ കങ്കാണിമാരാലും ബന്ധിതരായി കഴിഞ്ഞുകൂടിയ തൊഴിലാളിവര്‍ഗം തങ്ങളുടെ കാല്‍ച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കരുത്തു കാണിച്ചു എന്നതുകൂടിയാണ് ഈ സമരത്തെ ഐതിഹാസികമെന്നു വിശേഷിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നത്.

മൂന്നാറിലെ സംഘടിത ട്രേഡ് യൂനിയനുകളും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയകക്ഷികളും ടാറ്റ മുതലാളിയുടെ ആജ്ഞാനുവര്‍ത്തികളായാണ് പെരുമാറിയതെന്നത് ഒരു വസ്തുത മാത്രമാണ്. തൊഴിലാളിവര്‍ഗ നേതാക്കള്‍ എന്ന പേരില്‍ അറിയപ്പെട്ട കൂട്ടര്‍ പകലന്തിയോളം പ്ലാന്റേഷനുകളില്‍ പണിയെടുത്തു ലായങ്ങളില്‍ അന്തിയുറങ്ങിയ തൊഴിലാളി കുടുംബങ്ങളെ പരമപുച്ഛത്തോടെയാണ് വീക്ഷിച്ചത്.

മൂന്നാറിലെ സമരം ഇരമ്പുന്ന വേളയില്‍ പോലും സമരത്തിന് ആധാരമായ കാര്യങ്ങളെ സംബന്ധിച്ചു സര്‍ക്കാരിന് അറിവില്ലായിരുന്നുവെന്നു തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞത് സര്‍ക്കാരിന്റെ വീഴ്ച മാത്രമല്ല ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികളുടെ ദുരിതജീവിതത്തെപ്പറ്റി അധികൃതരോട് ഉണര്‍ത്താനും പ്രശ്‌നപരിഹാരത്തിനു മുന്‍കൈയെടുക്കാനും ബാധ്യസ്ഥമായ ട്രേഡ് യൂനിയന്‍ നേതൃത്വവും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നാണ് അതു വ്യക്തമാക്കുന്നത്.

അക്കാരണങ്ങളാലാണ് ദേശീയ പൊതുപണിമുടക്കുദിവസം സംയുക്ത ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ സമരപ്പന്തലിലേക്കു തൊഴിലാളി സ്ത്രീകള്‍ ഇരച്ചുകയറിയതും നേതാക്കന്മാരുടെ പ്രസംഗം തടസ്സപ്പെടുത്തിയതും. കണ്‍മുമ്പിലുള്ള ജീവിതയാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാന്‍ തയ്യാറില്ലാത്ത ഇത്തരം നേതാക്കന്മാരുടെ തനിനിറമാണ് തൊഴിലാളി സ്ത്രീകള്‍ നിര്‍ദാക്ഷിണ്യം തുറന്നുകാട്ടിയത്.

കേരളത്തിലെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലെത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഈ സമരവും അതിന്റെ അനുഭവങ്ങളും ആത്മപരിശോധനയ്ക്കുള്ള സന്ദര്‍ഭമാണ്. അച്യുതാനന്ദന്‍ ഒഴികെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെയും മറ്റു രാഷ്ട്രീയക്കാരെയും തൊഴിലാളികള്‍ കര്‍ശനമായി പുറത്തുനിര്‍ത്തി എന്നത് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉദരംഭരിനേതൃത്വത്തോടുള്ള അതൃപ്തിയും അകല്‍ച്ചയും വ്യക്തമാക്കുന്നതാണ്.

ഒരു സ്വയംവിമര്‍ശനവും തിരുത്തലും അനിവാര്യമായ സന്ദര്‍ഭമാണ് ഇത് ട്രേഡ് യൂനിയനുകള്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും. ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനായി ആയുധബലം പ്രയോഗിക്കുന്നതിനു പകരം മണിക്കൂറുകള്‍ പ്രശ്‌നപരിഹാരത്തിനായി ചെലവഴിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഭരണകൂടം ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാെണന്ന തത്ത്വം പ്രയോഗത്തില്‍ കാണിച്ചുതരുകയാണ് മുഖ്യമന്ത്രി ചെയ്തത്. സമരം വിജയത്തിലെത്തിച്ച തൊഴിലാളികള്‍ക്കും അവര്‍ക്കു പിന്തുണയും ഭാവുകങ്ങളും നല്‍കിയ കേരളീയ സമൂഹത്തിനും അഭിനന്ദനങ്ങള്‍.
Tags:    

Similar News