ശാസ്ത്രീയ പശുപരിപാലനം; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

Update: 2021-12-08 06:34 GMT

കാലിത്തീറ്റമുതല്‍ സകലതിനും വിലവര്‍ധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീര കര്‍ഷകര്‍. പശുവളര്‍ത്തലിലും കൃഷിയിലും തല്‍പരരായി ഈ മേഖലയിലേക്ക് കടന്നു വരുന്നവരെ പിറകോട്ടടിപ്പിക്കുന്നതാണ് വില വര്‍ധനയും സര്‍ക്കാര്‍ നയങ്ങളും. തീറ്റവിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വലിയ വര്‍ധനയുണ്ടായിട്ടും പാല്‍വിലയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. തമിഴ്‌നാട്ടില്‍നിന്ന് പാല്‍ ഇവിടേക്ക് എത്തുന്നതുകൊണ്ട് ഇവിടുത്തെ പാല്‍വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എങ്കില്‍ തീറ്റവില കുറയ്ക്കൂ എന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പാദനച്ചെലവ് വര്‍ധിക്കുന്നതല്ലാതെ വരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ചെറുകിട ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തില്‍ ശാസ്ത്രീയ കൃഷി രീതികള്‍ കൂടി അറിയാതെ പോയാല്‍ പശുവളര്‍ത്തല്‍ ലാഭത്തേക്കാള്‍ ഏറെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുക. മറ്റേതൊരു സംരംഭകരെയും പോലെ തന്നെ പശുപരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില സമയക്രമങ്ങളും കണക്കുകളുണ്ട്. പലപ്പോഴും ഇത്തരം കണക്കുകള്‍ തെറ്റുമ്പോഴും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോഴുമാണ് ഡെയറിഫാമുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. കന്നുകാലി വളര്‍ത്തുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കണക്കുകളെക്കുറിച്ചു നോക്കാം.

കിടാക്കളുടെ പരിപാലനം

പൊക്കില്‍ക്കൊടി മുറിച്ചു കളയുന്നത് മുതല്‍ കിടാക്കളുടെ ആരോഗ്യ സംരക്ഷണം വരെ പശുവളര്‍ത്തലില്‍ അടിസ്ഥാനപരമായി ചില കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവുണ്ടായിരിക്കണം. ജനിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ശരാശരി ശരീരഭാരം, ജനിച്ചയുടനെ നല്‍കേണ്ട കന്നിപ്പാലിന്റെ അളവ്, മരുന്നും കുത്തിവയ്പ്പും നല്‍കേണ്ടത് തുടങ്ങി എല്ലാ കാര്യങ്ങളും കര്‍ഷകരും പശുക്കളെ പരിപാലിക്കുന്നവരും അറിഞ്ഞിരിക്കണം.

ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • പൊക്കിള്‍ക്കൊടി മുറിച്ചു കളയേണ്ടത് എപ്പോള്‍: ജനിച്ചയുടനെ.
  • പൊക്കിള്‍ക്കൊടി മുറിക്കേണ്ട സ്ഥാനം: ശരീരത്തില്‍നിന്ന് 12 സെന്റിമീറ്റര്‍ അകലെ.
  • ജനിക്കുന്ന സമയത്ത് സങ്കരയിനം കിടാവിന്റെ ശരാശരി ശരീരഭാരം: 25 കി. ഗ്രാം.
  • ആദ്യമായി കന്നിപ്പാല്‍ കുടിപ്പിക്കേണ്ട സമയം: ജനിച്ച് 30 മിനിറ്റുകള്‍ക്കുള്ളില്‍.
  • ജനിച്ചയുടനെ കൊടുക്കേണ്ട കന്നിപ്പാലിന്റെ അളവ്: കിടാവിന്റെ ശരീര ഭാരത്തിന്റെ 5 മുതല്‍ 8 ശതമാനം (2.5-3.5 കിലോഗ്രാം വരെ).
  • രണ്ടാമത്തെ ഡോസ് കന്നിപ്പാല്‍ നല്‍കേണ്ട സമയം: ജനിച്ച് 10-12 മണിക്കൂര്‍ കഴിഞ്ഞ്.
  • രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം നല്‍കേണ്ട കന്നിപ്പാലിന്റെ അളവ്: കിടാവിന്റെ ശരീര ഭാരത്തിന്റെ 10%.
  • കന്നിപ്പാലില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ്: 56%
  • കന്നിപ്പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് അളവ്: 2.5%
  • കന്നിപ്പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിന്റെ അളവ്: 21.32%
  • കന്നിപ്പാലില്‍ പശുവിന്‍ പാലിനേക്കാള്‍ എത്ര മടങ്ങ് മാംസ്യം കൂടുതലാണ്: 7 മടങ്ങ്
  • കിടാവ് ആദ്യമായി ചാണകമിടുന്നത്: ജനിച്ച് 46 മണിക്കൂറിനുള്ളില്‍
  • ആദ്യമായി വിര മരുന്ന് നല്‍കേണ്ടത്: ജനിച്ച് പത്താം ദിവസം
  • അകിടില്‍ അധികമായി കാണുന്ന കാമ്പുകള്‍ മുറിച്ചു കളയേണ്ടത്: ജനിച്ച് 12 മാസത്തിനുള്ളില്‍
  • കിടാവിനെ തിരിച്ചറിയാന്‍ കമ്മല്‍ അടിക്കേണ്ടത്: ജനിച്ച് 12 ദിവസങ്ങള്‍ക്കുള്ളില്‍
  • കൊമ്പിന്റെ മുകുളങ്ങള്‍ കരിച്ചു കളയേണ്ട സമയം: ജനിച്ച് 7-10 ദിവസങ്ങള്‍ക്കുള്ളില്‍
  • തള്ളയില്‍നിന്നും കിടാവിനെ വേര്‍പ്പെടുത്തേണ്ടത് (വീനിങ്): പ്രസവിച്ചയുടനെയോ മൂന്നാം മാസത്തിലോ ചെയ്യാവുന്നതാണ്
  • കിടാവിന് നില്‍ക്കാന്‍ ആവശ്യമുള്ള സ്ഥലം: 1 ചതുരശ്ര മീറ്റര്‍
  • കിടാക്കള്‍ക്ക് പുല്ലു കൊടുത്തു തുടങ്ങേണ്ടത്: 2 ആഴ്ച മുതല്‍
  • കിടാക്കള്‍ക്ക് (Calves) സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കേണ്ട സമയം: 2 ആഴ്ച മുതല്‍ 6 മാസം വരെ
  • കിടാക്കള്‍ക്ക് പാല്‍പ്പൊടി കൊടുത്തു തുടങ്ങേണ്ടത്: ജനിച്ച് പത്താം ദിവസം മുതല്‍
  • കിടാക്കളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട ഊര്‍ജത്തിന്റെ അളവ് : 70%
  • കിടാക്കളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ്: 18%
  • കിടാക്കള്‍ക്ക് കുളമ്പു രോഗത്തിനെതിരായ വാക്‌സിനേഷന്‍ നല്‍കേണ്ട പ്രായം: നാലാം മാസം
  • വാക്‌സിനേഷന്‍ ആവര്‍ത്തിക്കേണ്ടത്: ഓരോ ആറു മാസത്തിലും
  • കിടാക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട രോഗങ്ങള്‍: കുളമ്പുരോഗം, ഹെമറാജിക് സെപ്റ്റിസീമിയ
  • വാക്‌സിനേഷന് മുന്‍പ് വിരമരുന്നു നല്‍കേണ്ട സമയം: രണ്ടാഴ്ച മുമ്പ്

കിടാരികളുടെ പരിപാലനം

  • കിടാരികള്‍ പ്രായപൂര്‍ത്തി ആകുന്ന സമയം: 15 18 മാസം
  • കിടാരികളെ കൃത്രിമ ബീജാധാനത്തിന് വിധേയമാക്കേണ്ട പ്രായം: 18 മാസം മുതല്‍
  • ആദ്യത്തെ കൃത്രിമ ബീജാധാനം നടത്തുമ്പോള്‍ കിടാരികള്‍ക്ക് ഉണ്ടായിരിക്കേണ്ട ശരീരഭാരം: പ്രായപൂര്‍ത്തിയായ പശുവിന്റെ ശരീരഭാരത്തിന്റെ 60%
  • കിടാരികള്‍ ഗര്‍ഭം ധരിക്കേണ്ട പ്രായം: 2 വയസ്സിനുള്ളില്‍
  • ആദ്യത്തെ പ്രസവം നടക്കണ്ടേ സമയം: 2.5-3 വയസ്സിനുള്ളില്‍
  • കിടാരികള്‍ക്ക് കൊടുക്കേണ്ട തീറ്റയുടെ അളവ്: പുല്ല് 15-20 കി.ഗ്രാം, ഖരാഹാരം-2 കി.ഗ്രാം.
  • മദിചക്രം: 21 ദിവസം
  • മദി ലക്ഷണം പ്രകടമാക്കുന്ന സമയം: 12-14 മണിക്കൂര്‍
  • കൃത്രിമബീജാധാനം നടത്തേണ്ട സമയം: മദിയുടെ മധ്യത്തിലോ അവസാനിക്കുന്നതിനു മുമ്പോ
  • ഗര്‍ഭപരിശോധന നടത്തേണ്ടത്: ബീജാധാനത്തിനു ശേഷം 60-75 ദിവസങ്ങള്‍
  • ഗര്‍ഭ കാലാവധി: 285 +/ 10 ദിവസം
  • കിടാരികള്‍ക്ക് (Heifers) നല്‍കേണ്ട പുല്ലിന്റെ അളവ്:15-20 കി.ഗ്രാം.
  • കിടാരികള്‍ക്ക് നല്‍കേണ്ട കാലിത്തീറ്റയുടെ അളവ്: 1.1/2-2 കി.ഗ്രാം.
  • കിടാരികളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട ഊര്‍ജത്തിന്റെ അളവ് (Total Digestible Nturients-TDN)- 70%
  • കിടാരികളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ് (DCP -Digestible Crude Protein-DCP)- 14-16%

പശുക്കളുടെ പരിപാലനം

പശുക്കളുടെ ശരാശരി ആയുസ്സ് 18-22 വയസ്സ് വരേയാണ്. കേരളത്തില്‍ 93 ശതമാനവും സങ്കരയിനം പശുക്കളേയാണ് വളര്‍ത്തുന്നത്. ലാഭകരമായ ഫാം നടത്തിപ്പിന് പീക്ക് പാലുല്‍പാദനം 12 ലിറ്ററെങ്കിലും ആവശ്യമാണ്. ഒരു കറവക്കാലത്ത് പരമാവധി 46 ആഴ്ച്ച പശുക്കള്‍ പാലുല്‍പ്പാദിപ്പിക്കും.

പശുപരിപാലത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

  • ഒറ്റവരി രീതിയില്‍ ഒരു ഷെഡ്ഡില്‍ പാര്‍പ്പിക്കാവുന്ന പരമാവധി പശുക്കളുടെ എണ്ണം: 12-16
  • ഇരട്ടവരി രീതിയില്‍ പാര്‍പ്പിക്കാവുന്ന പരമാവധി പശുക്കളുടെ എണ്ണം: 50
  • ഒരു പശുവിന് ആവശ്യമായിട്ടുള്ള സ്ഥലത്തിന്റെ നീളം: 1.51.8 മീറ്റര്‍
  • ഒരു പശുവിന് ആവശ്യമായിട്ടുള്ള സ്ഥലത്തിന്റെ വീതി: 1.05 1.3 മീ
  • തൊഴുത്തിന്റെ തറയ്ക്ക് ഉണ്ടായിരിക്കേണ്ട ചരിവ്: 1/40
  • പശുക്കള്‍ക്ക് നല്‍കേണ്ട പുല്ലിന്റെ അളവ്: 3035 കി.ഗ്രാം.
  • പശുക്കള്‍ക്ക് നല്‍കേണ്ട മെയിന്റനന്‍സ് കാലിത്തീറ്റയുടെ അളവ്: 2 2.5 കി.ഗ്രാം
  • ഗര്‍ഭിണിപ്പശുക്കളെ പ്രസവമുറിയിലേക്ക് മാറ്റേണ്ട സമയം: പ്രസവത്തിന് 12 ആഴ്ചമുമ്പ്
  • ഒരു ഡെയറി ഫാമില്‍ ഉണ്ടായിരിക്കേണ്ട പ്രസവമുറികളുടെ എണ്ണം: ആകെ പശുക്കളുടെ എണ്ണത്തിന്റെ 5-10%
  • പ്രസവമുറിക്ക് ഉണ്ടായിരിക്കേണ്ട വിസ്തീര്‍ണം: 12 ചതുരശ്ര മീറ്റര്‍
  • പ്രസവലക്ഷണങ്ങള്‍ തുടങ്ങിയ ശേഷം എത്ര മണിക്കൂര്‍ കഴിഞ്ഞാണ് കിടാവ് പുറത്തു വരുന്നത്: ഏകദേശം 12 മണിക്കൂര്‍
  • മറുപിള്ള പുറത്തുപോകാന്‍ എടുക്കുന്ന സമയം: പ്രസവം കഴിഞ്ഞ് 8 മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ്
  • ഒരു കറവക്കാലത്ത് പരമാവധി പാലുല്‍പ്പാദിപ്പിക്കുന്ന സമയം: 46 ആഴ്ച
  • ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദനം ലഭിക്കുന്നത് എത്രാമത്തെ കറവക്കാലത്താണ്: 34 പ്രസവത്തില്‍
  • പശുക്കള്‍ക്ക് അനുവദിക്കേണ്ട വറ്റുകാലം: 60 ദിവസം
  • കറവ വറ്റിക്കേണ്ട സമയം: ഗര്‍ഭത്തിന്റെ ഏഴാം മാസം
  • പശുക്കളുടെ കറവക്കാലം: 305 ദിവസം
  • അടുത്തടുത്ത രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള അന്തരം: 13 മാസം
  • പ്രസവത്തിനു ശേഷം ആദ്യമായി മദിലക്ഷണങ്ങള്‍ കാണിക്കേണ്ടത്: 45 ദിവസങ്ങള്‍ക്കുള്ളില്‍
  • പ്രസവശേഷം ആദ്യമായി ബീജാധാനം നടത്തേണ്ടത്: 60-90 ദിവസങ്ങള്‍ക്കുള്ളില്‍
  • പ്രസവത്തിന് എത്ര ഘട്ടങ്ങളുണ്ട്: 3
  • പ്രസവത്തിന്റെ ആദ്യഘട്ടത്തിന്റെ ദൈര്‍ഘ്യം: 26 മണിക്കൂര്‍
  • പ്രസവത്തിന്റെ രണ്ടാംഘട്ടത്തിന്റെ ദൈര്‍ഘ്യം: 30 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍
  • പ്രസവത്തിന്റെ മൂന്നാംഘട്ടത്തിന്റെ ദൈര്‍ഘ്യം: 8-12 മണിക്കൂര്‍
  • പ്രസവത്തിന് വെറ്റിനറി സഹായം തേടേണ്ടത്: ഒന്നാമത്തെ തണ്ണീര്‍ക്കുടം പൊട്ടി ഒരു മണിക്കൂറിനുശേഷം
  • പശുവിന്‍ പാലില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കൊഴുപ്പ്: 3.2%
  • പശുവിന്‍പാലില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കൊഴുപ്പിതര ഖരപദാര്‍ഥം : 8.3
  • ഒരു പശുവിന്റെ കറവയ്‌ക്കെടുക്കേണ്ട പരമാവധി സമയം: 8 മിനിറ്റ്
  • ഗര്‍ഭിണിപ്പശുക്കള്‍ക്ക് നല്‍കേണ്ട കാലിത്തീറ്റയുടെ അളവ്: ഗര്‍ഭം ധരിച്ച് ഏഴാം മാസം മുതല്‍ 1 കി.ഗ്രാം. കൂടുതല്‍
  • കറവപ്പശുക്കളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട ഊര്‍ജത്തിന്റെ അളവ് (TDN-Total Digestible Nturients): 70%
  • പശുക്കളുടെ തീറ്റയില്‍ ഉണ്ടായിരിക്കേണ്ട മാംസ്യത്തിന്റെ അളവ് (DCP -Digestible Crude Protein): 1416%
  • പശുക്കളെ ബാധിക്കുന്ന ബാക്ടീരിയല്‍ രോഗങ്ങള്‍: ആന്ത്രാക്‌സ്, ഹെമറാജിക് സെപ്റ്റിസീമിയ, ബ്രൂസെല്ലോസിസ്
  • പശുക്കളെ ബാധിക്കുന്ന വൈറല്‍ രോഗങ്ങള്‍: കുളമ്പുരോഗം, റേബീസ്, എഫിമെറല്‍ ഫീവര്‍
  • പശുക്കളെ ബാധിക്കുന്ന ആന്തരപരാദ രോഗങ്ങള്‍: ടോക്‌സോകാറോസിസ്, മൊണീസിയോസിസ്, ടീനിയോസിസ്
  • പശുക്കളെ ബാധിക്കുന്ന പ്രോട്ടോസോവല്‍ രോഗങ്ങള്‍: തൈലേറിയ, ബബീസിയ, അനാപ്ലാസ്മ
  • പശുക്കള്‍ക്ക് ഏര്‍പ്പെടുത്തേണ്ട ക്വാറന്റെന്‍ കാലം: 3040 ദിവസങ്ങള്‍
  • ഓരോ വര്‍ഷവും ഫാമില്‍ നിന്ന് വിറ്റൊഴിവാക്കേണ്ട (culling) പശുക്കളുടെ എണ്ണം: 20 %.

Tags:    

Similar News