പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്ന ജുനൈദ് എന്ന പതിനാറുകാരനെ യാത്രാമധ്യേ ഹിന്ദുത്വ ഗുണ്ടകള്‍ ട്രെയിനില്‍ കുത്തിക്കൊലപ്പെടുത്തിയത് രാജ്യത്തിന്റെ മനസ്സാക്ഷിയെ മുറിപ്പെടുത്തിയ ദാരുണ സംഭവമായിരുന്നു. ആ വേദന പങ്കിടാനും അക്രമികള്‍ക്കെതിരേ പ്രതികരിക്കാനും അങ്ങിങ്ങായാണെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സ് മുന്നോട്ടുവന്നു എന്നത് ഈ ഇരുള്‍പ്പടര്‍പ്പിനിടയില്‍ തെളിഞ്ഞുവരുന്ന ശുഭസൂചകങ്ങളായി വേണം കാണാന്‍. ഏതു തോന്നിവാസത്തിനും ഒരതിരുണ്ടെന്നു ഉറച്ച ശബ്ദത്തില്‍ വിളിച്ചുപറയാന്‍ രാജ്യത്തിനകത്തു ക്രമേണയായി പല വിഭാഗങ്ങളും തയ്യാറാവുകയാണ്. ജുനൈദിന്റെ അരുംകൊലയ്‌ക്കെതിരേ 'നോട്ട് ഇന്‍ മൈ നെയിം' എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധങ്ങള്‍ക്കു തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയടക്കം രാജ്യത്തെ നിരവധി നഗരങ്ങളില്‍ ആയിരക്കണക്കിനു ജനങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കാളികളായി എന്നാണ് റിപോര്‍ട്ടുകള്‍. മതത്തിന്റെ പേരില്‍ നിരപരാധികളെ കൊലക്കത്തിക്ക് ഇരയാക്കുന്നതു പോലുള്ള നെറികേടുകള്‍ ഹിന്ദുവിന്റെ പേരില്‍ വേണ്ടെന്ന താക്കീതുമായി മുന്നോട്ടുവരാന്‍ കാണിച്ച ഈ ആര്‍ജവം രാജ്യത്ത് അടുത്ത കാലങ്ങളില്‍ ഉണ്ടായ ഏറ്റവും സക്രിയമായ ഇടപെടലാണെന്ന കാര്യത്തില്‍ സംശയമില്ല. ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ അപരന്മാരാക്കി അടിച്ചുകൊല്ലുന്ന നൃശംസരീതി അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുകയാണ്. രാജ്യം നേരിടുന്ന ഈ വിഷമസന്ധിയുടെ ആഴം അറിഞ്ഞവരുടെ സ്വാഭാവിക പ്രതികരണമായാണ് ഈ സമരമുഖങ്ങള്‍ രൂപപ്പെട്ടത്. അതിനാല്‍ തന്നെ പരമ്പരാഗത പ്രതികരണങ്ങളേക്കാള്‍ ഇവയ്ക്ക് വിശ്വസനീയതയുണ്ട്. മതേതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ചുരുക്കം ചിലതു മാത്രമേ ജുനൈദ് വധത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുള്ളൂ. മുഖ്യ പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പതിവുപോലെ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന നമ്മുടെ അഭിമാനത്തിനു മേല്‍ ഫാഷിസത്തിന്റെ കരിനിഴല്‍ വീണിരിക്കുന്നു എന്ന തിരിച്ചറിവ് രാജ്യത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്നു പ്രതീക്ഷിക്കാം. അപരന്റെ ദുഃഖങ്ങളിലും വേദനകളിലും കണ്ണീരിലും വേരുറപ്പിക്കുന്ന അധികാരങ്ങള്‍ ആരുടെയും യശസ്സ് ഉയര്‍ത്തില്ലെന്നു ചിന്തിക്കാനുള്ള സാംസ്‌കാരിക ബോധം നമ്മുടെ ജനതയ്ക്ക് ഉണ്ടെന്നു വിശ്വസിക്കാന്‍ ഈ പൊതുപ്രതികരണങ്ങള്‍ സഹായകമാണ്. മനുഷ്യന്‍ ഇതഃപര്യന്തം നേടിയ നാഗരിക മുന്നേറ്റങ്ങള്‍ക്കും സാംസ്‌കാരിക ദീപ്തികള്‍ക്കും മധ്യേ നമ്മുടെ രാജ്യം അക്രമികള്‍ വാഴുന്ന അളിഞ്ഞ തൊഴുത്തായി രൂപപരിണാമം നേടുന്നതിന്റെ ആകുലതകള്‍ ഈ രാജ്യത്തെ ജനങ്ങള്‍ പൊതുവായി പങ്കുവയ്‌ക്കേണ്ടതാണ്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം സ്വകാര്യ ദുഃഖമല്ല. ജുനൈദും പെഹ്‌ലു ഖാനുമൊക്കെ രാജ്യത്തിന്റെ മക്കളാണ്.