മാളയിലെ സഹകരണസംഘം കൈത്തറി നെയ്ത്തുകേന്ദ്രം ചിതലെടുക്കുന്നു

Update: 2021-09-29 12:12 GMT

മാള: നാല് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച സഹകരണസംഘം കൈത്തറി നെയ്ത്തുകേന്ദ്രം ചിതലെടുക്കുന്നു. മാള വലിയപറമ്പിലില്‍ സ്ഥിതിചെയ്യുന്ന പട്ടികജാതി വിഭാഗത്തിന്റെ അടച്ചുപൂട്ടിയ ഈ കൈത്തറി നെയ്ത്തുകേന്ദ്രത്തിന്റെ പുനരുദ്ധാരണം നീണ്ടുപോവുകയാണ്. കെട്ടിടം പുതുക്കിപ്പണിത് തൊഴില്‍ പരിശീലന കേന്ദ്രമാക്കുമെന്ന സ്വപ്‌നവും പൂവണിഞ്ഞിട്ടില്ല. 1991ലാണ് പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം ആരംഭിക്കുന്നത്. പിന്നീട് ഈ കെട്ടിടത്തില്‍ സഹകരണ പ്രസ് ആരംഭിച്ചെങ്കിലും കാലക്രമേണ അതും നിര്‍ത്തലാക്കി. പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സംഘം അടച്ചുപൂട്ടി. സംഘത്തിന്റെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ഇപ്പോള്‍ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം കാടുകയറിയതോടെ കെട്ടിടം ജീര്‍ണിച്ചുകൊണ്ടിരിക്കുകയാണ്.

കെട്ടിടത്തിന്റെ ഭിത്തി തകര്‍ത്ത് ആല്‍മരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ മഴ നനഞ്ഞ് തറികളും യന്ത്രങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നശിക്കുകയായിരുന്നു. നൂല്‍ നൂല്‍ക്കുന്നതിന് ചര്‍ക്കകളും ചായം പൂരട്ടുന്നതിനുള്ള സംവിധാനങ്ങളും ഉള്‍പ്പടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മുണ്ട്, തോര്‍ത്ത്, പുതപ്പ് തുടങ്ങിയവയായിരുന്നു ഇവിടെ നിര്‍മിച്ചിരുന്നത്. സംഘത്തില്‍ 15 തറികളും അനുബന്ധ യന്ത്രസാമഗ്രികളുമുണ്ടായിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. സംഘത്തിന്റെ തുടക്കത്തില്‍തന്നെ സാമ്പത്തിക അഴിമതി ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം അന്വേഷണം തുടങ്ങിയതോടെയാണ് പ്രവര്‍ത്തനം നിലച്ചത്.

1995ല്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയാണുണ്ടായത്. അതേസമയം, പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 2000 ജൂലൈല്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനോട് സംഘം ഭരണസമിതി അംഗങ്ങള്‍ സഹകരിച്ചില്ലെന്ന് പറയുന്നു. ഇരുപതിലധികം പേര്‍ക്ക് ജോലിലഭിച്ചിരുന്ന പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം അടച്ചുപൂട്ടിയപ്പോള്‍ ദുരിതത്തിലായത് നിരവധി തൊഴിലാളികളാണ്.

ഇതിനടുത്തുണ്ടായിരുന്ന ഗവ. ഐടിഐ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കിലോമീറ്ററുകളോളം അകലേക്ക് മാറ്റിയതോടെ ഈ പ്രദേശത്ത് പൊതു സ്ഥാപനങ്ങളില്ലാത്ത അവസ്ഥയാണ്. നാട്ടുകാരുടെ അഭിമാനമായി മാറേണ്ടിയിരുന്ന കൈത്തറി നെയ്ത്ത് കേന്ദ്രം കെട്ടിടം ആധുനിക രീതിയില്‍ പുതുക്കിപ്പണിത് ഏതെങ്കിലും സഹകരണസ്ഥാപനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News