കെ സുരേന്ദ്രനെതിരേ മറ്റൊരു കേസ് കൂടി; ഒരു കേസില്‍ ജാമ്യം
നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേര്‍ന്നെന്ന കേസിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തത്.
കൊച്ചി: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനതിരേ മറ്റൊരു കേസ് കൂടി. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് സംഘം ചേര്‍ന്നെന്ന കേസിലാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്തത്. യുവതി പ്രവേശനത്തിനു സുപ്രിംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടഞ്ഞ് നാമജപ പ്രതിഷേധം സംഘടിപ്പിച്ചെന്നാണു സുരേന്ദ്രനെതിരായ കേസ്.
നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. അന്യായമായി സംഘം ചേര്‍ന്നു, ഹൈക്കോടതി വിലക്ക് ലംഘിച്ച് നിരോധിത മേഖലയില്‍ മുദ്രാവാക്യം വിളിച്ചു, പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കാനാണു പോലിസിന് നല്‍കിയ നിര്‍ദേശം.
അതിനിടെ, നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാവാന്‍ നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനിടെയാണു സംഭവം.
അതേസമയം കസ്റ്റഡിയില്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പോലിസ് അകമ്പടിയില്‍ കോടതിയിലെത്തിക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ പ്രതികരണം. ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളുള്ളതിനാല്‍ കെ സുരേന്ദ്രനെ പോലിസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പത്തനംതിട്ട കോടതിയിലുള്ള ഒരു കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മറ്റന്നാളത്തേക്കു മാറ്റി.