മാതുറ: ദലിതുവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്കു നേരെ സവര്‍ണരുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. യുപിയിലെ മാതുറയിലാണു പുതിയ സംഭവം. പീര്‍ഗാര്‍ഹി ഗ്രാമത്തില്‍ നിന്നും മുസ്മുന ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി പോവുകയായിരുന്ന മഹേഷ് കുമാറിനെയും സംഘത്തെയുമാണു സംഘടിച്ചെത്തിയ ബ്രാഹ്മണര്‍ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. വലിയ ട്രാക്ടര്‍ ട്രോളി റോഡിലിട്ടു ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു അക്രമികള്‍. വിവാഹ സംഘത്തെ അക്രമികള്‍ ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വധുവിന്റെ അമ്മാവന്‍ വിജേന്ദ്ര സിങ് പറഞ്ഞു. പോലിസിനെ വിളിച്ചതോടെ ട്രാക്റ്റര്‍ മാറ്റാന്‍ അക്രമികള്‍ തയ്യാറായെങ്കിലും സംഗീതവും ബാന്റുമടക്കമുള്ളവ ഉപയോഗിക്കാനനുവദിക്കാതെയാണു സംഘത്തെ യാത്രക്കു സമ്മതിച്ചത്. പിന്നീട് സംഭവത്തില്‍ പരാതി പറയാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തിരക്കായതിനാല്‍ കേസെടുക്കാനാവില്ലെന്നായിരുന്നു പോലിസ് നിലപാടെന്നും വിജേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ദഗര്‍ ഗ്രാമത്തിലാണ് പോലിസുകാരനായ വരന്‍ സവായ് റാമിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ രജപുത്ര വിഭാഗത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. ആയുധങ്ങളുമായെത്തിയ സവര്‍ണര്‍ വരനെയടക്കം ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. വരനൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ക്കും പരിക്കേറ്റിരുന്നു