നഗ്‌നനൃത്തം ചെയ്തില്ല; നര്‍ത്തകിമാരുടെ വസ്ത്രമുരിയാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍
ഗുവാഹത്തി: സാംസ്‌കാരിക പരിപാടിക്കിടെ നൃത്തം ചെയ്യാനെത്തിയ യുവതികളുടെ വസ്ത്രമുരിയാന്‍ ശ്രമിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. വനിതാ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. ജൂണ്‍ 7നാണ് കേസിനാസ്പദമായ സംഭവം. അസമിലെ ഗുവാഹത്തിയില്‍ നിന്നും 45കിമി അകലെയുള്ള ഗ്രാമത്തില്‍ ഒരു സാംസ്‌കാരിക പരിപാടിക്കെത്തിയതായിരുന്നു പശ്ചിമബംഗാളില്‍ നിന്നുള്ള യുവതികളടങ്ങിയ നൃത്തസംഘം. 37000രൂപ നൃത്തസംഘത്തിന് സംഘാടകര്‍ നല്‍കുകയും ചെയ്തു. പരിപാടി നടക്കുന്നതിനിടെ ചിലര്‍ വേദിയിലേക്ക് കയറി ബലപ്രയോഗത്തിലൂടെ യുവതികളെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയായിരുന്നു. 700ലധികം വരുന്ന കാണികള്‍ തങ്ങളെ മാരകായുധങ്ങളുമായി തടഞ്ഞുവച്ചെന്നും നഗ്നനൃത്തം ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കലാകാരന്‍മാര്‍ പറയുന്നു. തുടര്‍ന്ന് പ്രശ്‌നം സങ്കീര്‍ണമാവുമെന്ന് കണ്ടതോടെ സുഹൃത്തുക്കളെ വിളിച്ച് പോലിസ് സഹായത്തോടെയാണ് പ്രദേശത്ത് നിന്ന രക്ഷപ്പെട്ടതെന്നും അവര്‍ ഓര്‍ക്കുന്നു.
സാംസ്‌കാരിക പരിപാടിയുടെ പേരില്‍ നടത്തിയ ചടങ്ങില്‍ നഗ്‌ന നൃത്തമുണ്ടെന്ന് പറഞ്ഞ് സംഘാടകര്‍ വന്‍ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് നൂറ് കണക്കിനാളുകള്‍ പരിപാടിക്ക് എത്തുകയും ചെയ്തു. എന്നാല്‍, നഗ്‌ന നൃത്തം നടക്കാതെ വന്നതോടെ ഒരു കൂട്ടം കാണികള്‍ നര്‍ത്തകിമാര്‍ക്ക് നേരെ തിരിയുകയായിരുന്നു. നൃത്തസംഘം വന്ന വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തിരുന്നു. സംഭവം വന്‍ വിവാദമായതോടെ കലാകാരന്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ജനം തെരുവിലിറങ്ങിയിരുന്നു.