വിഴിഞ്ഞത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; നിരവധി കേസുകളില്‍ പ്രതിയായ വെണ്ണിയൂര്‍ രഞ്ജു റിമാന്‍ഡില്‍
അക്രമം തടയാന്‍ ശ്രമിച്ച ബന്ധുവിനേയും വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം നെല്ലിവിളയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പടിയില്‍. വെണ്ണിയൂര്‍ തെക്കേക്കര പുത്തന്‍ വീട്ടില്‍ രഞ്ജു (32)നെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി ഷൈജുവിനെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 10ന് വൈകീട്ട് 3മണിയ്ക്കാണ് സംഭവം. വെങ്ങാനൂര്‍ നെല്ലിവിള അമരിവിളയില്‍, ഭര്‍ത്താവ് വിദേശത്തായ വീട്ടമ്മയും മകനും മാത്രം താമസിക്കുന്ന വാടകവീട്ടിലാണ് അയല്‍വാസിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രഞ്ജുവും, മറ്റൊരു പ്രതിയായ ഷൈജുവും ചേര്‍ന്ന് ആക്രമണം നടത്തിയത്.
രഞ്ജു വീട്ടമ്മയെ കടന്നുപിടിച്ച് തറയില്‍ തളളിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സമയം, സംഭവമറിഞ്ഞ് അവിടെ എത്തി തടയാന്‍ ശ്രമിച്ച വീട്ടമ്മയുടെ ബന്ധു സാബുവിനെ ഷൈജു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ കടന്നുകളയുകയായിരുന്നു.
മുമ്പ് പല പ്രാവശ്യവും രഞ്ജു വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ട്. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കുകയും ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം വാര്‍ഡ് മെമ്പര്‍ ഇടപെട്ട് ഇയാളെ പറഞ്ഞു വിലക്കിയതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സിപിഓമാരായ കൃഷ്ണകുമാര്‍, അജികുമാര്‍ എന്നിവരങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.