31 വയസ്സുകാരന്‍ 81കാരന്റെ പാസ്‌പോര്‍ട്ടിലെത്തി; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായി

അഹ്മദാബാദുകാരനായ ജയേഷ് പട്ടേലാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് താടിയും മുടിയും വെളുപ്പിച്ച് വീല്‍ച്ചെയറില്‍ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

Update: 2019-09-10 06:04 GMT

ന്യൂഡല്‍ഹി: വൃദ്ധന്റെ വേഷമണിഞ്ഞ് വ്യാജ പാസ്‌പോര്‍ട്ടുമായെത്തിയ 32 വയസ്സുകാരനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. അഹ്മദാബാദുകാരനായ ജയേഷ് പട്ടേലാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് താടിയും മുടിയും വെളുപ്പിച്ച് വീല്‍ച്ചെയറില്‍ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

അമരിക് സിങ് എന്ന പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ എത്തിയത്. 81 വയസ്സായിരുന്നു പാസ്‌പോര്‍ട്ടില്‍ കാണിച്ചിരുന്നത്.

ശരീര പരിശോധന നടത്താനെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥര്‍ ജയേഷ് പട്ടേലിന് വിശദമായി ശ്രദ്ധിച്ചത്. കണ്ണില്‍ നോക്കാതെയുള്ള സംസാരവും സംശയത്തിനിടയാക്കി.

ചുളിയാത്ത തൊലിയും ശരീരപ്രകൃതിയും 81 വയസ്സുകാരന്റേതിന് ചേരുന്നതായിരുന്നില്ല. പ്രായം മറച്ചുവയ്ക്കാന്‍ പവറില്ലാത്ത ഒരു കണ്ണടയും ധരിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്. കൂടുതല്‍ നടപടികള്‍ക്കായി ഇയാളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എന്തിനാണ് ഇങ്ങിനെയൊരു ആള്‍മാറാട്ടം നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. 

Tags:    

Similar News