തോക്കും വെടിയുണ്ടയും ഉള്‍പ്പെടെയുള്ള ബാഗ് ഉപേക്ഷിച്ച നിലയില്‍; ഉപേക്ഷിച്ചത് കെഎസ്ആര്‍റ്റിസി ബസില്‍
കിളിമാനൂര്‍ കെഎസ്ആര്‍ടിസി ബസിലാണ് ഉപേക്ഷിച്ച നിലയില്‍ പാസ്‌പ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ബാഗ് കണ്ടെത്തിയത്. ആര്യനാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട്ട് എന്നാണ് വിവരം
തിരുവനന്തപുരം: തോക്കും, വെടിയുണ്ടയും, പാസ്‌പോര്‍ട്ടും, ഉള്‍പ്പടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആര്‍ടിസി 99 നമ്പര്‍ ബസിലാണ് രാത്രിയോടെ കണ്ടക്റ്ററുടെ ശ്രദ്ധയില്‍ ഇവ പെടുന്നത്. ഉടന്‍ തന്നെ ഇവ കിളിമാനൂര്‍ പോലിസില്‍ ഏല്‍പ്പിച്ചു. അതേ സമയം ആര്യനാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട്ട് എന്നാണ് വിവരം. കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട കരാറുകള്‍ ആണ് ബാഗില്‍ ഉള്‍പ്പെട്ടതെന്നും വിവരമുണ്ട്.
തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്. 17 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കണ്ടക്ടര്‍ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ബാഗ് കിളിമാനൂര്‍ പോലിസില്‍ ഏല്‍പ്പിയ്ക്കുകയായിരുന്നു. പോലിസ് കേസെടുത്തു.