തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ 2,987 ബൂത്തുകൾ
ബൂത്തുകളിൽ വൈദ്യുതി, വെള്ളം, ടോയ് ലറ്റ്, പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയൊരുക്കിയിട്ടുണ്ട്.
കോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ബൂത്തുകൾ തീരുമാനിച്ചു. ആകെ 2,987 ബൂത്തുകളാണുള്ളത്. കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി ബൂത്തിനുള്ളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്.
ബൂത്തുകളിൽ വൈദ്യുതി, വെള്ളം, ടോയ് ലറ്റ്, പ്രായമായവർക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവയൊരുക്കിയിട്ടുണ്ട്. ഉപയോഗശൂന്യമായ പാഴ് വസ്തുക്കളും മാസ്ക്ക്, ഗ്ലൗസ് തുടങ്ങിയവയും നിക്ഷേപിക്കുന്നതിന് പ്രത്യേകം ബാഗുകൾ സജ്ജമാക്കിയിട്ടുണ്ട് .തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സാനിറ്റൈസറും എൻ 95 മാസ്ക്കും ഗ്ലൗസും നൽകുന്നുണ്ട്.
വോട്ടർമാരെ ബോധവൽകരിക്കാൻ പോളിങ്ങ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ചുമരുകളിലും പരിസരങ്ങളിലും പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന പോസ്റ്ററുകളും ബോർഡുകളും വോട്ടെടുപ്പിന് ശേഷം നീക്കം ചെയ്ത് വൃത്തിയാക്കും. ഭിന്നശേഷിക്കാർക്ക് റാമ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് .