കുന്ദമംഗലം മാതൃകാ പോലിസ് സ്റ്റേഷന് 1.68 കോടി കൂടി അനുവദിച്ചു
റോഡിന്റേയും അനുബന്ധ കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടിയും കുന്ദമംഗലം ടൗണില്‍ പോലിസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുതിന് 63.5 ലക്ഷം രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചത്
കോഴിക്കോട്: കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ചു വരുന്ന മാതൃകാ പോലിസ് സ്റ്റേഷന് 1.68 കോടി കൂടി അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. പോലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.
പോലിസ് സ്റ്റേഷനിലേക്കുള്ള റോഡിന്റേയും അനുബന്ധ കാര്യങ്ങളുടേയും ആവശ്യത്തിന് വേണ്ടി 1.05 കോടിയും കുന്ദമംഗലം ടൗണില്‍ പോലിസ് നിയന്ത്രണത്തില്‍ സര്‍വയലന്‍സ് സിസ്റ്റം സ്ഥാപിക്കുതിന് 63.5 ലക്ഷം രൂപയുമാണ് ഇപ്പോള്‍ അനുവദിച്ചത്. കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒരേക്കര്‍ സ്ഥലത്ത് 6500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് മോഡല്‍ പോലിസ് സ്റ്റേഷന്‍ പ്രവൃത്തി നടന്നുവരുന്നത്.
കെട്ടിട നിര്‍മാണത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും കരാര്‍ എടുത്തത് ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. എന്‍ഐടിയിലെ ആര്‍കിടെക്ചറല്‍ വിങ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മിക്കുന്ന കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.