ബക്രീദ് ആഘോഷം; കോട്ടയം ജില്ലയിലെ മാര്‍ഗനിര്‍ദേശങ്ങള്‍
നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു
കോട്ടയം: ജനങ്ങള്‍ കൂട്ടം ചേരുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം പരിഗണിച്ച് ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. മറ്റു നിര്‍ദേശങ്ങള്‍ ചുവടെ.
പെരുന്നാള്‍ നമസ്‌കാരം പൊതുസ്ഥലത്ത് നടത്തുന്നത് ഒഴിവാക്കുകയും ഇതിനുള്ള സൗകര്യം പള്ളികളില്‍ ഒരുക്കുകയും വേണം.
പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നൂറു പേരില്‍ അധികം പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവതും കുറച്ച് ആളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ പ്രാര്‍ത്ഥന ക്രമീകരിക്കണം. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരവും ഫോണ്‍ നമ്പരും സമയവും രേഖപ്പെടുത്തി സൂക്ഷിക്കണം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനയോ ബലികര്‍മ്മമോ അനുവദനീയമല്ല.
ബലികര്‍മ്മവും അനുബന്ധ ചടങ്ങുകളും വീടുകളില്‍ മാത്രമേ നടത്താവൂ. ഇങ്ങനെ നടത്തുമ്പോള്‍ അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.
ബലികര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ സാനിറ്റൈസേഷനും മാസ്‌കിന്റെ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണം.
കഴിഞ്ഞ 14 ദിവസത്തിനിടെ പനിയോ ശ്വാസതടസമോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടായവരും നിലവില്‍ ലക്ഷണങ്ങള്‍ ഉള്ളവരും സമൂഹ പ്രാര്‍ത്ഥനയിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ പാടില്ല.
വീടുകളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് യാതൊരു കാരണവശാലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല