'മലപ്പുറം മനസ്സ്'; മലപ്പുറത്തിന്റെ മതസൗഹാര്‍ദ്ദ കഥകളുടെ പുസ്തക പ്രകാശനം 25ന്

Update: 2022-03-23 07:43 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദ കഥകള്‍ തേടിയുള്ള വാര്‍ത്തായാത്രയുടെ പുസ്തകം'മലപ്പുറം മനസ്സ്' 2022 മാര്‍ച്ച് 25ന് പ്രകാശനം ചെയ്യും. വെള്ളി രാവിലെ 10.30ന് മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം നേതാവും കവിയുമായ മണമ്പൂര്‍ രാജന്‍ ബാബു പുസ്തക പരിചയം നടത്തും.

കെഎംസിസി പുസ്തക പ്രസിദ്ധീകരണത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴ്ഘടകമായ ആസ്‌പെയര്‍ ബുക്‌സ് ആണ് 'മലപ്പുറം മനസ്സ്' പ്രസിദ്ധീകരിക്കുന്നത്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ശംസുദ്ദീന്‍ മുബാറക് ആണ് പുസ്തകത്തിന്റെ രചയിതാവ്.

മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം മലപ്പുറത്തിന്റെ നന്മയും സ്‌നേഹപാരമ്പര്യവും നിറഞ്ഞ നൂറോളം വാര്‍ത്താ ഫീച്ചറുകളാണ് പുസ്തകത്തില്‍ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രൂപീകരണം മുതല്‍ തെറ്റിധരിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. 50 വര്‍ഷം പിന്നിട്ടിട്ടും മലപ്പുറത്തെക്കുറിച്ചുള്ള അപവാദങ്ങളും വിവാദങ്ങളും ദിനംപ്രതി വര്‍ധിക്കുകയല്ലാതെ ഒരു കുറവും വന്നിട്ടില്ല. മനുഷ്യമനസ്സുകളില്‍ അര്‍ബുദംപോലെ വെറുപ്പ് പടരുന്ന ഈ കാലത്ത് മനുഷ്യസ്‌നേഹം മരിച്ചുപോകാതിരിക്കാനുള്ള മരുന്നാണ് 'മലപ്പുറം മനസ്സ്' എന്ന പുസ്തകം.

മതനിരപേക്ഷതയും സാഹോദര്യവും സമഭാവനയും ഓരോ മലപ്പുറത്തുകാരന്റെയും അഭിമാനമാണെന്ന് പുസ്തകം വിളിച്ചു പറയുന്നു. പാരമ്പര്യമായി വ്യത്യസ്ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്‌നേഹസുഗന്ധങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന മലപ്പുറത്തിന്റെ മതേതര വഴികളിലൂടെ ഒരു വാര്‍ത്തായാത്രയാണിത്. മലപ്പുറത്തിന്റെ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ച വരച്ചു കാണിക്കാനുള്ള എളിയ ശ്രമം കൂടിയാണ് ഈ പുസ്തകമെന്ന് കെഎംസിസി ജിദ്ദ മലപ്പുറം ജില്ലാ ചെയര്‍മാന്‍ ഹസന്‍ സിദ്ദീഖ് ബാബു, പ്രസിഡന്റ് പി.എം.എ.ഗഫൂര്‍ പട്ടിക്കാട്, ട്രഷറര്‍ മജീദ് അരിമ്പ്ര, നൗഫല്‍ ഉള്ളാടന്‍, ശംസുദ്ദീന്‍ മുബാറക് എന്നിവര്‍ പറഞ്ഞു. ചെമ്മാട് ബുക് പ്ലസ് ആണ് പുസ്തകം വിതരണം ചെയ്യുന്നത്.




Tags:    

Similar News