കണ്ണൂര്‍ ടൗണില്‍ കഞ്ചാവ് വേട്ട; തൃശൂർ സ്വദേശി പിടിയിൽ
ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസിനെയാണ് കണ്ണൂർ കാൽടെക്സിൽ വച്ച് പോലിസ് പിടികൂടിയത്.
കണ്ണൂര്‍: കണ്ണൂര്‍ ടൗണില്‍ 10.400 കി ഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിലായി. കണ്ണൂർ ടൗൺ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയും, കണ്ണൂര്‍ ടൗണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ അഖിലും കണ്ണൂർ സിറ്റി പോലിസ് ഡാൻസാഫ് ടീമംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കഞ്ചാവു സഹിതം പ്രതിയെ പിടികൂടിയത്.
ചാലക്കുടി മറ്റത്തൂർ സ്വദേശിയായ ജയിംസിനെയാണ് കണ്ണൂർ കാൽടെക്സിൽ വച്ച് പോലിസ് പിടികൂടിയത്. കണ്ണർ സിറ്റി പോലിസ് കമ്മിഷണർ ശ്രീ ഇളങ്കോ ആര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി: കമ്മിഷണർ പി പി സദാനന്ദൻ, നാർക്കോട്ടിക് സെൽ അസി: കമ്മിഷണർ ജസ്റ്റിൻ എബ്രഹാം എന്നിവരുടെ നിർദേശാനുസരണം കണ്ണൂർ നഗരത്തിൽ പരിശോധന നടത്തി വരവെയാണ് കാസർകോട് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കണ്ണൂര്‍ കാല്‍ടെക്സസില്‍ വന്നിറങ്ങിയ പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു വധശ്രമ കേസിൽപ്പെട്ട് ഒഡീഷയിൽ കഞ്ചാവ് തോട്ടത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അവിടെ നിന്നും നിരവധി തവണ കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
ബസുകളിൽ മാറിമാറി സഞ്ചരിക്കുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല, യാത്രയിൽ പരിചയപ്പെടുന്ന ആൾക്കാരുടെ മൊബൈൽ ഫോൺ വഴിയാണ് കച്ചവടം നടത്തിവന്നിരുന്നത്. പിടികൂടിയ കഞ്ചാവിന് ഏകദേശം 2 ലക്ഷത്തോളം രൂപ വിലവരും. ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ മഹിജൻ, എഎസ്ഐ രഞ്ജിത്ത് സി, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ അജിത്ത് സി, മഹേഷ് സിപി , മിഥുൻ പിസി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.