പുതിയ അധ്യായനവര്‍ഷം ആരംഭിക്കാനിരിക്കെ ഡിറ്റിഎച്ചില്‍ വിക്ടറി ചാനല്‍ ലഭ്യമല്ലെന്ന് പരാതി
സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും വിക്ടറി ചാനല്‍ ഡിറ്റിഎച്ചില്‍ ലഭ്യമാക്കാത്തതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണുയരുന്നത്.
മാള: ഓണ്‍ലൈന്‍ വഴി അധ്യാപനം ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ഡിറ്റിഎച്ചില്‍ വിക്ടറി ചാനല്‍ ലഭ്യമല്ലെന്ന് പരാതി. ഓണ്‍ലൈന്‍ വഴി പഠനം ആരംഭിക്കുന്നതിന് തടസ്സങ്ങളേറെ ഉള്ളതിനാല്‍ വിക്ടറി ചാനല്‍ വഴി അധ്യയനം നടത്താമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേബിളിലൂടെയും എല്ലാഡിറ്റിഎച്ച് ദാതാക്കളിലൂടെയും വിക്ടറി ചാനല്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ മുതല്‍ പറഞ്ഞിരുന്നത്.
നാളെ അധ്യയനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രയലിന് ആരംഭമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുമുള്ള വിവരം. ഒരാഴ്ച ട്രയല്‍ നടത്തിയ ശേഷമാണ് അധ്യായനാരംഭമുണ്ടാകുക. എന്നാല്‍ ഫ്രീ ചാനലായ വിക്ടറി ചാനലിനായുള്ള സബ്ക്രിപ്ഷനില്ലെന്ന മെസേജാണ് ചാനല്‍ നമ്പറടിച്ചെത്തുമ്പോള്‍ ടി വി സ്‌കീനില്‍ കാണിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും വിക്ടറി ചാനല്‍ ഡിറ്റിഎച്ചില്‍ ലഭ്യമാക്കാത്തതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണുയരുന്നത്. കുറഞ്ഞ ദിവസത്തേക്ക് ഉയര്‍ന്ന നിരക്കാണ് ഡി റ്റി എച്ച് ദാതാക്കള്‍ ഈടാക്കുന്നത്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ദൂരദര്‍ശനടക്കമുള്ള സൗജന്യ ചാനലുകള്‍ ലഭിക്കേണ്ടതാണെങ്കിലും വീണ്ടും പണം കൊടുത്ത് ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ചാനലുകള്‍ ലഭ്യമാകുന്നത്.