കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ്
ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.
കോട്ടയം: കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി വ്യാഴാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി.
ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ താലൂക്ക് തലത്തിലുള്ള പരിശോധന ഊര്‍ജിതമാക്കി. റവന്യൂ, പോലിസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയ 59 പേര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
നിലവിലെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊതു, സ്വകാര്യ ഗതാഗതം നടത്തിയാല്‍ രണ്ടായിരം രൂപയും നിയമവിരുദ്ധമായി ഇതര സംസ്ഥാന ഗതാഗതം നടത്തിയാല്‍ അയ്യായിരം രൂപയും പിഴ ഈടാക്കും. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.