കൊവിഡ് പ്രതിരോധം: താനൂരില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇനിയും ആളുകള്‍ താനൂരിലേക്ക് എത്താനുള്ളതിനാല്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു.
മലപ്പുറം: താനൂര്‍ നഗരസഭ പരിധിയില്‍ മൂന്ന് കൊവിഡ് 19 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം തീരുമാനിച്ചു. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യാനും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും താനൂര്‍ നഗരസഭയും പോലിസും ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജീകരിക്കാനുമാണ് തീരുമാനമായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇനിയും ആളുകള്‍ താനൂരിലേക്ക് എത്താനുള്ളതിനാല്‍ കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി. താനൂര്‍ ഗവ. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, തഹസില്‍ദാര്‍ മുരളി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീനിവാസന്‍, താനൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി പ്രമോദ്, നഗരസഭ സെക്രട്ടറി മനോജ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹാഷിം എന്നിവര്‍ പങ്കെടുത്തു.