മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
നിലവില്‍ ജില്ലയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 13 ആയി. രണ്ടുപേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്.
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കുകൂടി ഇന്ന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45 കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ ജില്ലയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 13 ആയി. രണ്ടുപേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്. അതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഫെബ്രുവരി 14ന് ഭര്‍ത്താവിനൊപ്പമാണ് കണ്ണമംഗലം സ്വദേശിനി ഡല്‍ഹി നിസാമുദ്ദീനിലേക്ക് യാത്രയായത്. മമ്പുറം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാവിലെ ജനശതാബ്ദി എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര തിരിച്ച് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി. അവിടെ നിന്നും മറ്റ് ജില്ലകളില്‍ നിന്നെത്തിയ അഞ്ച് കുടുംബങ്ങളുമായി ചേര്‍ന്ന് 12 അംഗ സംഘമായി തീവണ്ടിയില്‍ ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്. ഫെബ്രുവരി 17 ന് നിസാമുദ്ദീനിലെത്തി ബംഗ്ലാവാലി മസ്ജിദില്‍ താമസിച്ചു.
ഫെബ്രുവരി 20 ന് നിസാമുദ്ദീനില്‍ നിന്ന് തീവണ്ടിയില്‍ യാത്ര ആരംഭിച്ച് 21 ന് മുംബയിലെത്തി. അവിടെ തബ്‌ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചു. മാര്‍ച്ച് 23 ന് മുംബയില്‍ നിന്ന് എഐ 581 എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പോലിസ് ഏര്‍പ്പെടുത്തിയ ടാക്‌സി വാഹനത്തില്‍ കണ്ണമംഗലത്തെ വീട്ടിലെത്തി സ്വയം നിരീക്ഷണം ആരംഭിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഏപ്രില്‍ അഞ്ചിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പൊതു സമ്പര്‍ക്കമില്ലാതെ എത്തി സാമ്പിള്‍ നല്‍കിയ ശേഷം വീട്ടില്‍ തിരിച്ചെത്തി. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പൊതു സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെങ്കിലും ഇവര്‍ വീട്ടിലുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈറസ് ബാധിതയുടെ ഭര്‍ത്താവ്, അഞ്ചു മക്കള്‍, രണ്ട് പേരമക്കള്‍, ഒരു മരുമകന്‍ എന്നിവരേയും കൂടെ സഞ്ചരിച്ചിരുന്ന സംഘത്തിലെ മമ്പുറം സ്വദേശിയേയും ഭാര്യയേയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും കൂടെ യാത്ര ചെയ്തവരും നിര്‍ബന്ധമായും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളോ രോഗ ലക്ഷങ്ങളോ അനുഭവപ്പെട്ടാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ ഫോണില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.