കരാറുകാര്‍ സമരത്തില്‍; കുടിവെള്ള പ്രതിസന്ധിയില്‍ ജനങ്ങള്‍
വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ നല്‍കിയിട്ടും തകര്‍ന്ന പൈപ്പുകള്‍ നന്നാക്കുവാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
അരീക്കോട്: വേനല്‍ രൂക്ഷമായതോടെ കീഴുപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷം. ജലസേചന വകുപ്പിന്റെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഒരാഴ്ചയിലേറെയായി ജലസേചന വകുപ്പിന്റെ പൈപ്പ് പത്തനാപുരം ചുങ്കം ഭാഗത്ത് തകര്‍ന്നിട്ടും പരിഹാരം കാണാന്‍ അരീക്കോടിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ നല്‍കിയിട്ടും തകര്‍ന്ന പൈപ്പുകള്‍ നന്നാക്കുവാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ പൈപ്പുകള്‍ നന്നാക്കുവാന്‍ കഴിയാത്തതിന്റെ കാരണം കരാര്‍ തൊഴിലാളികള്‍ അനിശ്ചിതക്കാലമായി പണിമുടക്കിലയാത് കൊണ്ടാണെന്നാണ് ബന്ധപെട്ടവരില്‍ നിന്നുള്ള വിവരം. ഒരാഴ്ചയിലേറെയായി പണിമുടക്ക് ആരംഭിച്ചിട്ട്.
കരാറുകാര്‍ക്ക് ഭീമമായ കുടിശിക ലഭിക്കാനുള്ളത് കൊണ്ടാണ് ഇവര്‍ അനിശ്ചിതക്കാല പണിമുടക്ക് ആരംഭിച്ചത്. ഈ മാസം 16നാണ് കരാറുകാരുമായുള്ള ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ അതിന്ന് മുമ്പേ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അരീക്കോട് മേഖല ജല സുരക്ഷാ സമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കോലോത്തും തൊടി സമദ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.