എടപ്പാൾ മേൽപ്പാല നിർമാണം അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഏറ്റവും പ്രാധാന്യമേറിയ ദേശീയപാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപ്പാലത്തിൻ്റെ പ്രവൃത്തികളെ നോക്കിക്കാണുന്നത്.
മലപ്പുറം: എടപ്പാൾ മേൽപ്പാല നിർമാണത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകി വേഗത്തിൽ പണിപൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചുമതലയേറ്റടുത്ത ശേഷം എടപ്പാൾ മേൽപ്പാല നിർമാണ പ്രവർത്തികൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി.
ഏറ്റവും പ്രാധാന്യമേറിയ ദേശീയപാതയെന്ന നിലയിലാണ് അടിയന്തരമായി എടപ്പാൾ മേൽപ്പാലത്തിൻ്റെ പ്രവൃത്തികളെ നോക്കിക്കാണുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
പാലത്തിൻ്റെ എട്ട് സ്പാനുകളിൽ ആറെണ്ണം നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതുവരെ 80 ശതമാനത്തോളം ജോലികളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന് കീഴിൽ നിലവിൽ നടന്ന് വരുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടൊപ്പം പുതിയ പദ്ധതികൾക്ക് കൂടി തുടക്കമിടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.