കടലാക്രമണം രൂക്ഷം: തിരുവനന്തപുരം ജില്ലയില്‍ 143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ 143 കുടുംബങ്ങളിലെ 603 പേരയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയത്.
തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. കടല്‍ക്ഷോഭ മേഖലകളില്‍നിന്ന് 143 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ആറു ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയില്‍ തുറന്നിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ തീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ 143 കുടുംബങ്ങളിലെ 603 പേരയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയത്.
വലിയതുറ ബഡ്‌സ് സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 58 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്യാംപില്‍ 65 കുടുംബങ്ങളിലെ 282 പേരും ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും കഴിയുന്നുണ്ട്. വലിയതുറ ഫിഷറീസ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാംപില്‍ എട്ടു കുടുംബങ്ങളിലെ 32 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നേരത്തെ ഇവിടെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി ഇവിടേയ്ക്ക് മാറ്റിയവരടക്കം ആകെ 27 കുടുംബങ്ങളിലെ 109 പേരാണ് ഈ ക്യാംപിലുള്ളത്.
പേട്ട സെന്റ് റോച്ചസ് സ്‌കളിലെ ദുരിതാശ്വാസ ക്യാംപില്‍ 30 കുടുംബങ്ങളിലെ 148 പേരും വെട്ടുകാട് സെന്റ് മേരീസ് എല്‍പി സ്‌കളില്‍ തുറന്ന ക്യാംപില്‍ 23 കുടുംബങ്ങളിലെ 80 പേരും കഴിയുന്നുണ്ട്.
ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്യാംപിലുള്ളവര്‍ക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്യാംപിന്റെയും മേല്‍നോട്ടത്തിനായി ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.