കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

ഡയാലിസിസ് സെന്ററിൽ 10 കിടക്കകളാണ് സജ്ജമാക്കിയത്. ഒരേ സമയം 9 രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.

Update: 2020-10-31 16:28 GMT

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷനിലൂടെ ആരോഗ്യരംഗത്ത് സ്വപ്നതുല്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി, ചികിൽസിച്ച് പരിഹരിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ സാധിക്കുന്നുണ്ട്. അതിനാൽ രണ്ടു വർഷത്തിനകം ജീവിതശൈലി രോഗത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഡയാലിസിസ് സെന്ററിൽ 10 കിടക്കകളാണ് സജ്ജമാക്കിയത്. ഒരേ സമയം 9 രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം ഇരുപതോളം രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് എടുക്കാം. നാൽപതോളം പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. കിഫ്‌ബി ഫണ്ടിൽ നിന്നും 1.20 കോടി രൂപ ചെലവിലാണ് നിർമ്മാണം. കൊവിഡ് ആശുപത്രിയാക്കി മാറ്റിയ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രോഗികളെ താൽക്കാലികമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ്. അതിനുശേഷം മാത്രമേ സ്വതന്ത്ര യൂനിറ്റായി പ്രവർത്തനം ആരംഭിക്കുകയുള്ളൂ.

കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, സ്ഥിരം സമിതി അംഗം വി.സുന്ദരൻ മാസ്റ്റർ, കൗൺസിലർമാരായ സി.കെ.സലീന, വിപി ഇബ്രാഹിംകുട്ടി, അഡീഷണൽ ഡിഎംഒ ഡോ. രാജേന്ദ്രൻ, ജനറൽ ആശുപത്രി സൂപ്രണ്ട് വി ഉമ്മർ ഫാറൂഖ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി പ്രതിഭ, എംപി പ്രതിനിധി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Similar News