പരപ്പനങ്ങാടിയിലെ കൊലപാതകം: പ്രതി റിമാന്റിൽ
പ്രതിയുടെ പേരിൽ പരപ്പനങ്ങാടി പോലിസിൽ നിലവിൽ 4 കേസുകൾ ഉണ്ട്. വാറ്റ് ചാരായം ഉണ്ടാക്കിയതിനും, മദ്യക്കച്ചവടം നടത്തിയതിനും ഉൾപ്പെടെയാണ് കേസുകൾ.
മലപ്പുറം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം അക്രമത്തെ തുടർന്ന് മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതി റിമാന്റിൽ. കൊരട്ടി സ്വദേശി കടുവങ്ങശ്ശേരി വീട്ടിൽ സുന്ദരേശ(53 )നെയാണ് പരപ്പനങ്ങാടി പുത്തരിക്കൽ വെച്ച് മുങ്ങത്താം തറ സ്വദേശി ഉള്ളേരി അജീഷ് പട്ടിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രതിയുടെ പേരിൽ പരപ്പനങ്ങാടി പോലിസിൽ നിലവിൽ 4 കേസുകൾ ഉണ്ട്. വാറ്റ് ചാരായം ഉണ്ടാക്കിയതിനും, മദ്യക്കച്ചവടം നടത്തിയതിനും ഉൾപ്പെടെയാണ് കേസുകൾ. മരിച്ചയാൾ കൊരട്ടി സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് പറഞ്ഞു.
നിലവിൽ അടിപിടി, സ്ത്രീകളോട് മോശമായി പെരുമാറിയത്, മദ്യക്കച്ചവടം (പരപ്പനങ്ങാടി എക്സൈസ്) എന്നീ കേസുകളിൽ പ്രതിയാണ്. ചാലക്കുടി കോടതിയിലെ രണ്ട് എൽപി വാറന്റുകളിലും പ്രതിയാണ് കൊല്ലപ്പെട്ടയാൾ.
പ്രതിയും മരിച്ചയാളുമായി 5 മാസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി പ്രൈവറ്റ് ബസ്റ്റാന്റിൽ വച്ച് അടിപിടി ഉണ്ടായിരുന്നു. അടിപിടിയിൽ പ്രതിയായ അജീഷിന്റെ കൈ ഒടിഞ്ഞിരുന്നു. ആ വിരോധത്തിൽ ആയിരുന്നു ഇപ്പോഴത്തെ അക്രമവും കൊലയും. മരണപ്പെട്ടയാളിന്റെ പോസ്ററു മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് നടക്കും.