കവളപ്പാറ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മുസ്‌ലിം ലീഗ് ഭൂമി കൈമാറി

സ്ഥലം നിര്‍ണയ നറുക്കെടുപ്പിന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി

Update: 2020-11-02 14:05 GMT

മലപ്പുറം: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 15 മാസം പൂര്‍ത്തിയായി. കണ്ണീരുണങ്ങാത്ത കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്റെ സാന്ത്വന സ്പര്‍ഷമേകി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പദ്ധതികളോരോന്നും അതിന്റെ പൂര്‍ത്തീകരണഘട്ടത്തിലാണ്. അപകടത്തില്‍ വീടും സ്ഥലവുംനഷ്ടമായ 50 കുടുംബങ്ങള്‍ക്ക് തലചായ്ക്കാനിടം നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നലെ യാഥാര്‍ത്ഥ്യമായി.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിടത്താണ് മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്ത മേറ്റെടുത്തത്. അമ്പത് കുടുംബങ്ങള്‍ക്കായി മൂന്ന് ഏക്കര്‍ ഭൂമിയാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തത്. ഇതില്‍ 30 സെന്റ് ആക്കപ്പറമ്പന്‍ സാദിഖലിയും 40 സെന്റ് കപ്പച്ചാലി ഷാജിയും മുസ്‌ലിം ലീഗിനെ ഏല്‍പിച്ചു. ബാക്കിയുള്ളത് ജില്ലാ കമ്മിറ്റി പണം നല്‍കിവാങ്ങി.

പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരം നറുക്കെടുത്ത് ഉപഭോക്താക്കൾക്ക് സ്ഥലം നിര്‍ണയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു നല്‍കി.

സ്ഥലം നിര്‍ണയ നറുക്കെടുപ്പിന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ പി മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. ടിവി ഇബ്രാഹിം എംഎൽഎ, ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, അഡ്വ. എന്‍എ കരീം, കബീര്‍ മുതുപറമ്പ്, കെ.എം ഇസ്മാഈല്‍, കെടി കുഞ്ഞാന്‍, സിഎച്ച് ഇഖ്ബാല്‍, കൊമ്പന്‍ ഷംസുദ്ദീന്‍, ഇ പോക്കര്‍, ആലായി അലവിക്കുട്ടി, ഉബൈദ് കാച്ചീരി, സുലൈമാന്‍ ഹാജി, ആക്കപ്പറമ്പന്‍ സാദിഖലി, സിഎച്ച് കരീം പങ്കുടുത്തു.

Similar News