വാർഡിലെ വിവരങ്ങൾ വിരൽതുമ്പിൽ ആൻഡ്രോയ്ഡ് ആപ്പുമായി പഞ്ചായത്ത് അംഗം

വാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യസ്ഥിതി, ചികിൽസാ വിവരങ്ങൾ എന്നിവയ്ക്കൊപ്പം റേഷൻ കാർഡ്‌ തരം, കൊവിഡ് ബാധിതരുടെ വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

Update: 2021-07-07 15:26 GMT

അരീക്കോട്: കാവനൂരിൽ ജനകീയ ആപ്പുമായി പഞ്ചായത്ത് അംഗം. 500 വീട്ടുകാരുടേയും വിവരങ്ങൾ എപ്പോഴും ലഭ്യമാകണമെന്ന ചിന്തയിൽ നിന്നാണ് കാവനൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് അംഗം ചെങ്ങര മേലെമുക്കിലെ. പി പി ബാപ്പുട്ടി മാസ്റ്റർ ജനസേവനത്തിനായി ആൻഡ്രോയിഡ് ആപ്പ് ഉണ്ടാക്കുക എന്ന ആശയത്തിൽ എത്തിച്ചത്. മാസങ്ങളായുള്ള പ്രയത്നവും വിദഗ്ധരുടെ സഹായവും ഒപ്പം വാർഡിലെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പിന്തുണയും കൊണ്ടാണ് ആധുനിക രീതിയിലുള്ള ആൻഡ്രോയിഡ് ആപ്പ് തയ്യാറാക്കാൻ മെമ്പർക്ക് സാധിച്ചത്. വാർഡിലെ 500 കുടുംബങ്ങളുടെ പേരും, വിലാസവും, വീട് നമ്പറും,വയസ്സും, വിദ്യാഭ്യാസ യോഗ്യതയും, തൊഴിലും,ബ്ലഡ്‌ ഗ്രൂപ്പും, ഫോൺ നമ്പറും,രോഗ വിവരവും എല്ലാം നിമിഷങ്ങൾ കൊണ്ട് മാസ്റ്ററുടെ വിരൽതുമ്പിൽ ഭദ്രം.

വാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യസ്ഥിതി, ചികിൽസാ വിവരങ്ങൾ എന്നിവയ്ക്കൊപ്പം റേഷൻ കാർഡ്‌ തരം, കൊവിഡ് ബാധിതരുടെ വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. തൻ്റെെ വാർഡിൽ എത്രപേർക്ക് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട് അവർ ഏതെല്ലാം പ്രായക്കാരാണ് തുടങ്ങിയ എല്ലാ ചോദ്യങ്ങൾക്കും ആപ്പ് നോക്കി മെമ്പർ നിമിഷങ്ങൾക്കകം മറുപടി നൽകും.

വാർഡ്തല കമ്മിറ്റികൾ, അയൽക്കൂട്ടങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനുള്ള സൗകര്യമുണ്ട്. പെൻഷൻ വാങ്ങുന്നവരുടെ വിവരങ്ങൾകൊപ്പം അർഹരായവരുടെ വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്. ഓരോരുത്തർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ രേഖപ്പെടുത്താനും അർഹരായവരെ മാനദണ്ഡങ്ങൾ പാലിച്ച് വേഗത്തിൽ കണ്ടെത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ആപ്പിലൂടെ മെമ്പർക്ക് ജനങ്ങളുമായി വേഗത്തിൽ സന്ദേശങ്ങൾ അയക്കാനും സംവിധാനമുണ്ട്. ബാപ്പുട്ടി മാസ്റ്റർ ജനസേവനത്തിനായി പുതിയ ആപ്പ് ഇറക്കിയതോടെ തികഞ്ഞ സന്തോഷത്തിലാണ് ചെങ്ങര മേലേമുക്ക് നിവാസികൾ.

Similar News