പോലിസുകാരന് കൊവിഡ്; സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു
ആകെ 44 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത്.
പയ്യോളി: പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് അടച്ചു. പയ്യോളി നഗരസഭയിലെ ആറാം ഡിവിഷനായ ഈസ്റ്റ് ഇരിങ്ങലിൽ താമസക്കാരനായ സ്പെഷ്യൽ ബ്രാഞ്ച് പോലിസുകാരന് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതോടെ ആറാം ഡിവിഷൻ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.
വടകര റൂറല്‍ എസ്പി ഓഫീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇതിനെ തുടര്‍ന്നു സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ റൂറല്‍ എസ്പി നിര്‍ദ്ദേശിച്ചു. ഇദ്ദേഹം പയ്യോളി ടൗണില്‍ വന്നതുമായി ബന്ധപ്പെട്ട് നാല് സ്ഥാപനങ്ങള്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദേശീയപാതക്കരികിലെ എസ്ബിഐ ബ്രാഞ്ചും ഫെഡറല്‍ ബാങ്കിന്റെ പയ്യോളി ബ്രാഞ്ചും പോലിസ് സ്റ്റേഷന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റും പേരാമ്പ്ര റോഡില്‍ നീതി മെഡിക്കല്‍ സ്റ്റോറിന് സമീപത്തെ ഭക്ഷണം പാര്‍സല്‍ നല്‍കുന്ന കടയുമാണ് ഉള്‍പ്പെട്ടത്.
ഇതില്‍ ബാങ്കുകളില്‍ ഇദ്ദേഹവുമായി ഇടപാട് നടത്തിയ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ അണുനശീകരണം നടത്തിയ ശേഷം പകരം ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചിടാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാനും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. ഈ സ്ഥാപനങ്ങളിലെ 15 പേര്‍ ഉള്‍പ്പെടെ ആകെ 44 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ മാസം 11 നാണ് ഇദ്ദേഹം പയ്യോളിയിലെ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കായി അടുത്ത ദിവസം തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.