ആദിവാസി പ്രദേശത്തേക്കുള്ള റോഡ് തടയാന്‍ ക്വാറി മാഫിയകളുടെ ശ്രമം
റോഡ് നിര്‍മാണ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചു.
അരീക്കോട് : 'ഊര്‍ങ്ങാട്ടിരി പൂവ്വത്തിക്കല്‍' വാരിയോട് കൈതക്കല്‍ ആദിവാസി മേഖലയിലേക്കുള്ള പഞ്ചായത്ത് റോഡ് ക്വാറി മാഫിയകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തടയാന്‍ ശ്രമമെന്ന്് ആരോപണം. റോഡ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയതായി പ്രദേശത്തെ ആദിവാസികള്‍ പറഞ്ഞു.
മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ചട്ടിരാമന്‍ എന്നയാളുടെ കുടുംബത്തില്‍പ്പെട്ട 21 കുടുംബങ്ങളുടെ അന്‍പത് ഏക്കര്‍ ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ലക്ഷങ്ങള്‍ വകയിരുത്തിയിരുന്നത് രാഷ്ട്രീയ-ക്വാറി മാഫിയാ സംഘം മുടക്കുകയായിരുന്നു. വാരിയോട് കൈതക്കല്‍ ആദിവാസി ഭൂമിയിലേക്ക് രണ്ട് കിലോമീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയിലുമുള്ള റോഡ് നിലവില്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സ്വകാര്യ വ്യക്തി പരാതി സമര്‍പ്പിച്ചിരുന്നു.
ആദിവാസി ഭൂമിക്കടുത്തായി അനധികൃതമായി സ്വകാര്യ വ്യക്തി നടത്തുന്ന ക്വാറി പ്രവര്‍ത്തനത്തിന് റോഡ് തടസമാകുമെന്നതിനാല്‍ ഇവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുമതിയോടെ ക്വാറി ഉടമകള്‍ ശ്രമം തുടങ്ങിയത് പരിസരവാസികള്‍ തടഞ്ഞിരുന്നു. ഇവിടെ സംഘര്‍ഷം സൃഷ്ടിച്ച് റോഡ് തടയാനുള്ള ശ്രമമാണ് ക്വാറി മാഫിയ-രാഷട്രീയ പാര്‍ട്ടി ഒത്തുകളികളിലൂടെ നടക്കുന്നത്. അടുത്തിടേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ യുവാവിനെതിരേ കേസെടുത്തതിന് പിന്നിലും ക്വാറി മാഫിയയുടെ ഇടപെടലുണ്ടെന്ന് ആദിവാസികള്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചു.