തിരുവനന്തപുരം: അമ്പലമുക്കില്‍ ഹോട്ടലിന് തീപ്പിടിച്ചു. അമ്പലമുക്ക് കവടിയാര്‍ റോഡിലെ മലപ്പുറം കുഴമന്തി എന്ന ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മൂന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തൊഴിലാളികള്‍ മുകള്‍ നിലയില്‍ നിന്ന് നിലവിളിക്കുന്നത് കണ്ട, കെഎസ്ഇബി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും ഹോട്ടലില്‍ നിന്ന് വലിയ പുക ഉയരുന്നുണ്ടായിരുന്നു. മുകളില്‍ നിന്ന് കെഎസ്ഇബി ജീവനക്കാര്‍ വലിയവടം കെട്ടി തൊഴിലാളികളെ താഴെയിറക്കി. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.