സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ശ്രമം; പിന്നില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള കുബുദ്ധിയെന്ന് ചെന്നിത്തല
സ്വര്‍ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികള്‍ കോടതിയുടെ മുന്‍പാകെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കു പോലും പ്രതികള്‍ ആരോപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ജയിലില്‍ വച്ച് പ്രതികളുടെ മേലുണ്ടായ സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചെന്നും പ്രതി പിഎസ് സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ജയില്‍ വകുപ്പും പോലിസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല.
സ്വര്‍ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികള്‍ കോടതിയുടെ മുന്‍പാകെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കു പോലും പ്രതികള്‍ ആരോപിച്ചിട്ടുണ്ട്. അപ്പോള്‍ എന്റെ പേരു കൂടി പറയിച്ചാല്‍ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താം എന്ന കുബുദ്ധിയാണ് ഇതിന് പിന്നില്‍.
ഉന്നത തലങ്ങളില്‍ നടന്ന വന്‍ഗൂഢാലോചനയുടെ ഫലമായിട്ടാണ് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മേല്‍ ജയില്‍ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. കൃത്രിമ തെളിവുണ്ടാക്കാനും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനും ഭരണകൂടം തന്നെ ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണുണ്ടായിരിക്കുന്നത്. ഇതിനെപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിന് പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണിത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സി.പി.എം ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം മരവിപ്പിക്കപ്പെട്ടത്. ആ ധാരണ ഇപ്പോള്‍ പൊളിഞ്ഞോ എന്ന് വ്യക്തമല്ല. ആ ധാരണയ്ക്ക് എന്തു പറ്റിയെന്ന് സി.പി.എം നേതാക്കളും ബി.ജെ.പി നേതാക്കളും വ്യക്തമാക്കണം.
സ്വര്‍ണക്കടത്തു കേസില്‍ എന്റെ പേര് പറയിക്കാന്‍ നടക്കുന്നവര്‍ ഒരു കാര്യം മറക്കരുത്. ശിവശങ്കരന്‍ എന്റെ സെക്രട്ടറിയായിട്ടല്ല ജോലി ചെയ്തിരുന്നത്. സ്വപ്നാ സുരേഷ് എന്റെ കീഴിലുമല്ല ജോലി ചെയ്തിരുന്നത്. വിവാദ നയതന്ത്ര ഉദ്യോഗസ്ഥരെയും കൂട്ടി സ്വപ്‌നാ സുരേഷ് എന്റെ വീട്ടിലല്ല സ്ഥരിമായി വന്നിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കള്ളത്തെളിവുണ്ടാക്കി സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.