ഝജ്ജര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഹരിയാനയിലെ ഝജ്ജറില്‍ ബിജെപിക്കു വോട്ട് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് അര്‍ധസഹോദരനു നേരെ യുവാവ് വെടിയുതിര്‍ത്തു. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ സിലാനയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
രാജ് സിങ് എന്ന യുവാവിനാണു വെടിയേറ്റത്. ഇയാളുടെ അര്‍ധസഹോദരനായ ധര്‍മേന്ദ്രയാണു വെടിയുതിര്‍ത്തത്. നാലു റൗണ്ട് ധര്‍മേന്ദ്ര വെടിവച്ചു. രാജ് സിങ് റോഹ്തക്കിലെ പിജിഐഎംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളുടെ അമ്മ ഫൂല്‍പതിക്കും വെടിവയ്പില്‍ പരിക്കേറ്റു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. പ്രതി ധര്‍മേന്ദര്‍ ബിജെപി പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ സഹോദരന്‍ രാജയെ വെടിവച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
രാജയോട് ബിജെപിക്കു വോട്ട് ചെയ്യണമെന്ന് ധര്‍മേന്ദ്ര ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ധര്‍മേന്ദ്ര വീട്ടില്‍ എത്തിയപ്പോള്‍ താന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്ന് ധര്‍മേന്ദ്രയോടു രാജ് പറഞ്ഞു. ഇതില്‍ കുപിതനായ ധര്‍മേന്ദ്ര രാജിനും അമ്മയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.