യുദ്ധവിരുദ്ധ റാലിക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം

Update: 2019-02-20 15:05 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിക്കു നേരെ ഹിന്ദുത്വരുടെ ആക്രമണം. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍) എന്ന മനുഷ്യാവകാശ സംഘടന സംഘടിപ്പിച്ച റാലി, മൂന്നു കിലോമീറ്ററോളം പിന്നിട്ടപ്പോഴായിരുന്നു ദേശീയ പതാകയും കയ്യിലേന്തി വന്ന ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. പുല്‍വാമയില്‍ സൈനികരെ ആക്രമിച്ചവരോടു അനുഭാവം പ്രകടിപ്പിച്ചാണു റാലി സംഘടിപ്പിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം. ദേശവിരുദ്ധരുടെ റാലി അനുവദിക്കില്ലെന്നാക്രോശിച്ചെത്തിയ അക്രമികള്‍, മനുഷ്യാവകാശപ്രവര്‍ത്തകരോടു പാകിസ്താനില്‍ പോവാനും ആവശ്യപ്പെട്ടു. പോലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഹിന്ദുത്വരാണ് ആക്രമണത്തിനു പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരേ പോലിസ് നടപടി കൈക്കൊള്ളുമെന്നാണു കരുതുന്നതെന്നും എപിഡിആര്‍ പ്രവര്‍ത്തക സുജാത ഭദ്ര പറഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, യുദ്ധത്തിനും കൂട്ടക്കുരുതികള്‍ക്കുമുള്ള ആഹ്വാനം നിരന്തരം മുഴങ്ങുന്ന സാഹചര്യത്തിലാണ് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം റാലി പ്രകോപനം സൃഷ്ടിക്കുന്നതാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷിന്റെ പ്രതികരണം. 

Tags:    

Similar News