യുപിയില്‍ 14കാരനെ ക്ലാസ് മുറിയില്‍ സഹപാഠി വെടിവച്ചുകൊന്നു
ഒരേ ക്ലാസില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 14 വയസുകാരനെ ക്ലാസ് മുറിയില്‍വച്ച് സഹപാഠി വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ ജില്ലയിലെ സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹപാഠിയുടെ വെടിയേറ്റ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഒരേ ക്ലാസില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ആണ്‍കുട്ടികളില്‍ ഒരാള്‍ വീട്ടില്‍പ്പോയി അമ്മാവന്റെ തോക്കെടുത്തുകൊണ്ടുവരികയും സഹപാഠിയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു.
ഇന്നലെ ക്ലാസില്‍ ഇരിക്കുന്നതിനെക്കുറിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിലൊരു വിദ്യാര്‍ഥി വീട്ടില്‍ പോയി അമ്മാവന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ കൈക്കലാക്കുകയും കൃത്യം നിര്‍വഹിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ അമ്മാവന്‍ സൈനികനാണെങ്കിലും ഇപ്പോള്‍ അവധിയിലാണ്- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ചുതന്നെ വിദ്യാര്‍ഥിയെ പോലിസ് കസ്റ്റഡിയിലെടുത്തു.