പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന; അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പുതുമകളും തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും. ഇതാദ്യമായി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മാസ്‌ക് ധരിച്ചാവും പാര്‍ലമെന്റിലെത്തുകയും നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുക.

Update: 2020-09-13 11:42 GMT

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുമ്പ് ഇരുസഭകളിലെയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും അടക്കം കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക.

മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍ അംഗീകൃത ഏതെങ്കിലും ആശുപത്രിയിലോ ലബോറട്ടറിയിലോ പാര്‍ലമെന്റ് അനക്‌സ് കോംപ്ലക്‌സിലോ പരിശോധന നടത്തണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങളോടെയും നിരവധി മാറ്റങ്ങളോടെയുമാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.

മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത പുതുമകളും തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാവും. ഇതാദ്യമായി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മാസ്‌ക് ധരിച്ചാവും പാര്‍ലമെന്റിലെത്തുകയും നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുക. പതിവിനു വിപരീതമായി രാജ്യസഭ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ലോക്‌സഭ ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാവും സമ്മേളിക്കുന്നത്.

എന്നാല്‍, പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ നാളെ തിരിച്ച് ലോക്‌സഭ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്കു ഒന്നുവരെയും രാജ്യസഭ മൂന്നുമുതല്‍ രാത്രി ഏഴുവരെയുമായിരിക്കും. രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെയാണ് ഇരുസഭകളുടെയും സാധാരണ പ്രവര്‍ത്തനസമയം. ശൂന്യവേള 30 മിനിറ്റായി ചുരുക്കിയതു പ്രത്യേകതയാണ്. ചോദ്യോത്തരവേള ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നതിനാല്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങള്‍ക്കു സഭയില്‍തന്നെ മന്ത്രിമാര്‍ ഉത്തരം നല്‍കും.

ശനി, ഞായര്‍ ദിവസങ്ങളിലടക്കം ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുമെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് മന്ദിരത്തിലും സമ്മേളനഹാളുകളിലും സാമൂഹിക അകലം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത അകലം പാലിച്ചാണ് അംഗങ്ങളുടെ ഇരിപ്പിടം ക്രമീകരിക്കുന്നത്. അംഗങ്ങള്‍ സംസാരിക്കുന്നത് കാണിക്കുന്നതിനായി ചേംബറില്‍ നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യസഭാ ടിവിയില്‍ നടപടികളുടെ തടസ്സമില്ലാത്ത തത്സമയ സംപ്രേഷണമുണ്ടായിരിക്കും. കൂടാതെ, നാല് ഗാലറികളില്‍ ആറ് ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഓഡിയോ കണ്‍സോളുകളും ഇന്‍സ്റ്റാള്‍ ചെയ്തു.

ബിസിനസ്, ബുള്ളറ്റിനുകള്‍, ബില്ലുകള്‍/ഓര്‍ഡിനന്‍സുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പാര്‍ലമെന്ററി പ്രബന്ധങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി മാത്രമേ അംഗങ്ങള്‍ക്ക് അയയ്ക്കൂ. സെഷന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡുവും കൊവിഡ് പരിശോധനയ്ക്ക് വിധേയരായതായി സെക്രട്ടേറിയറ്റിനെ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം റദ്ദാക്കിയിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.  

Tags:    

Similar News