537 പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

Update: 2025-04-27 17:39 GMT
537 പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്‍ മടങ്ങിയെത്തി

ന്യൂഡല്‍ഹി: അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 537 പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു. 12 വിഭാഗങ്ങളിലുള്ള ഹ്രസ്വകാല വിസ ഉടമകള്‍ക്കുള്ള എക്സിറ്റ് സമയപരിധി ഇന്ന് അവസാനിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നാല് ദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ വിനോദസഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പാക് പൗരന്‍മാര്‍ക്ക് ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചത്.

സാര്‍ക് വിസ കൈവശം വച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസ കൈവശം വച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 29 വരെയുമാണ്. ദീര്‍ഘകാല വിസ ഉള്ളവരും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണെന്നാണ് വിവരം. ഇതില്‍ 107 പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒന്‍പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 237 പാകിസ്താന്‍ പൗരന്മാര്‍ ഞായറാഴ്ച അട്ടാരി-വാഗ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യ വിട്ടതായും ഏപ്രില്‍ 26 ന് 81 പേരും ഏപ്രില്‍ 25 ന് 191 പേരും ഏപ്രില്‍ 24 ന് 28 പേരും പോയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.





Tags:    

Similar News