യുപിയില്‍ വിഷമദ്യം കഴിച്ച് ആറ് മരണം; 15 പേര്‍ ആശുപത്രിയില്‍
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ മരണകാരണം ലഭിക്കുകയുള്ളൂവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു. മദ്യദുരന്തമറിഞ്ഞ് ജില്ലാ ഉദ്യോഗസ്ഥരുടെ സംഘം അമിലിയ ഗ്രാമത്തിലെത്തി പരിശോധന നടത്തി.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമില്യഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് വിഷമദ്യദുരന്തമുണ്ടായത്. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍നിന്നും മദ്യം വാങ്ങിക്കഴിച്ചവര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മദ്യം കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലിസ് അറസ്റ്റുചെയ്തു.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ മരണകാരണം ലഭിക്കുകയുള്ളൂവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി പറഞ്ഞു. മദ്യദുരന്തമറിഞ്ഞ് ജില്ലാ ഉദ്യോഗസ്ഥരുടെ സംഘം അമിലിയ ഗ്രാമത്തിലെത്തി പരിശോധന നടത്തി. മദ്യത്തിന്റെ സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായ ദമ്പതികള്‍ക്കെതിരേ അനധികൃതമായി മദ്യവില്‍പ്പന നടത്തിയതിന് നിരവധി കേസുകളുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രദേശത്ത് ഇത്തരത്തില്‍ വ്യാജമദ്യം വില്‍ക്കുന്ന മൂന്നോളം അനധികൃത മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലും അയല്‍രാജ്യമായ ഉത്തരാഖണ്ഡിലും വ്യാജമദ്യദുരന്തത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടിരുന്നു. 2011 മുതല്‍ യുപിയിലുടനീളം മായം ചേര്‍ത്ത മദ്യവില്‍പ്പനയിലൂടെയുണ്ടായ എട്ട് ദുരന്തങ്ങളിലായി 175 പേര്‍ മരിച്ചതായാണ് കണക്ക്.