ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും ആയതിനാല്‍ തന്നെ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമെതിരായിരിക്കണം വോട്ടു ചെയ്യേണ്ടതെന്നും ആഹ്വാനം ചെയ്ത് നാടകപ്രവര്‍ത്തകര്‍. അമോല്‍ പലേകര്‍, മാനവ് കൗള്‍, നസ്‌റുദ്ദീന്‍ ഷാ, ഗിരിഷ് കര്‍ണാട്, ഉഷ ഗാംഗുലി, അനുരാഗ് കശ്യപ്, കങ്കണാ സെന്‍ ശര്‍മ്മ, രത്‌നാ പഥക് ഷാ തുടങ്ങി അറുനൂറോളം പേരാണ് ബിജെപിക്കെതിരേ വോട്ടു രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍. രാജ്യവും ഭരണഘടനയും ഭീഷണിയിലാണ്. ചരിത്രത്തിലെ എറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. ഈ ഭരണത്തിനു കീഴില്‍ സംഗീതം, നൃത്തം തുടങ്ങി എല്ലാ മേഖലയും ഭീഷണിയിലാണ്. ഇവിടെ ചോദ്യങ്ങളും സംവാദങ്ങളും വിമര്‍ശനങ്ങളും സാധ്യമല്ലാതായിരിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയം മാത്രമാണ് ശക്തി പ്രാപിച്ചത്. മോദിയുടെ പല നിലപാടുകളും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായി. മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ ബിജെപിക്കും സഖ്യക്ഷികള്‍ക്കുമെതിരേ വോട്ടു ചെയ്‌തേ മതിയാവൂ എന്നും 12 ഭാഷകളിലായി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ആഹാന്വം ചെയ്യുന്നു. ആര്‍ട്ടിസ്റ്റ് യുനൈറ്റ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയാണ് പ്രസ്താവന പുറത്തു വിട്ടത്. ബിജെപിക്കു വോട്ടു നല്‍കരുതെന്നു ആഹ്വാനം ചെയ്തു നൂറുകണക്കിനു സിനിമാ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.