ആന്ധ്രയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ തീപ്പിടിത്തം; ഏഴ് മരണം
കഴിഞ്ഞ ദിവസമാണ് സ്വര്‍ണ പാലസ് എന്ന ഹോട്ടല്‍ പ്രത്യേക കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഹോട്ടലില്‍നിന്ന് ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിജയവാഡയിലെ കൊവിഡ്-19 കെയര്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ പാലസ് എന്ന ഹോട്ടല്‍ പ്രത്യേക കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റിയത്. ഹോട്ടലില്‍നിന്ന് ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ഹോട്ടലില്‍ 30 കോവിഡ് രോഗികളുണ്ടായിരുന്നു. ഇതുകൂടാതെ 10 ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ 15-20 പേര്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്വകാര്യാശുപത്രിയുടെ തീവ്രപരിചരണ വാര്‍ഡിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ട് രോഗികള്‍ മരിച്ചത്.