രാജ്യത്ത് 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; ഇന്ധന വിലവര്‍ധവില്‍ വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി

Update: 2021-10-22 03:55 GMT

ലഖ്‌നോ: രാജ്യത്ത് ഇന്ധന വിലവര്‍ധനവില്‍ ജനം പൊറുതിമുട്ടി നില്‍ക്കവെ വില കൂട്ടുന്നതിനെ ന്യായീകരിച്ച് വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് ബിജെപി മന്ത്രി രംഗത്ത്. രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നാണ് ഉത്തര്‍പ്രദേശ് യുവജനക്ഷേമകാര്യ മന്ത്രി ഉപേന്ദ്ര തിവാരിയുടെ വാദം. നമ്മുടെ സമൂഹത്തിലെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമായി വരുന്നില്ല. പെട്രോള്‍ വേണം. നാല് ചക്ര വാഹനമുള്ളവരാണ് പെട്രോള്‍ ഉപയോഗിക്കുന്നത്.

വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഏകദേശം 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല. ആളോഹരി വരുമാനവുമായി ഇന്ധനവിലയിലെ വര്‍ധനവിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു തിവാരിയുടെ ന്യായീകരണം. വിലവര്‍ധനവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ധനവില വര്‍ധിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിങ്ങള്‍ ഇന്ധന വിലയെ ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ വില വളരെ കുറവാണും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 100 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ആളുകള്‍ക്ക് സൗജന്യമായി നല്‍കി. കൊവിഡിന് സൗജന്യ ചികില്‍സ നല്‍കി. സൗജന്യമായി മരുന്നുകളും നല്‍കുന്നു ... അതിനാല്‍, നിങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഉത്തര്‍പ്രദേശിലും രാജ്യത്തും വില കാര്യമായി വര്‍ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതുകൊണ്ടാണോ വിലവര്‍ധനവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇന്ധനവില വര്‍ധിക്കുന്നില്ലെന്ന് മന്ത്രി മറുപടി നല്‍കിയത്. ആഗോള വിലവര്‍ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News