കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി
പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയിലില്ല. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഒരു എയിംസ് അനുവദിക്കണമെന്ന ആവശ്യമുയരുന്നത്.
ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയ്ക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ പൊതുജനാരോഗ്യസംവിധാനം, അടിസ്ഥാന സൗകര്യത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കാര്യങ്ങളില്‍ സംസ്ഥാന നിലവാരത്തേക്കാള്‍ ഏറെ പുറകിലാണ്. കൊവിഡ് മഹാവ്യാധി ആരോഗ്യപരിപാലനരംഗത്തെ കൂടൂതല്‍ മോശമാക്കി. ദേശീയ ലോക്ക് ഡൗണ്‍ കാസര്‍കോടിന്റെ ആരോഗ്യമേഖലയുടെ ശോചനീയത തുറന്നുകാണിക്കുകയുണ്ടായി.
പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയിലില്ല. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഒരു എയിംസ് അനുവദിക്കണമെന്ന ആവശ്യമുയരുന്നത്. ഇന്ത്യയിലെ ആദ്യ എയിംസ് 1956ല്‍ ഡല്‍ഹിയിലാണ് സ്ഥാപിച്ചത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണിത്. 2006ല്‍ ആരംഭിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനപ്രകാരം കൂടതല്‍ എയിംസുകള്‍ അനുവദിക്കുകയുണ്ടായി. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ദക്ഷിണേന്ത്യയ്ക്ക് അനുവദിച്ചത്.
കേരളത്തിന് ഒന്നുംതന്നെ നല്‍കിയില്ല. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി വലിയൊരു വിഭാഗമുണ്ട്. അവര്‍ക്കാവശ്യമായ ആരോഗ്യപരിപാലന സംവിധനമൊരുക്കണമെന്ന് സുപ്രിംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലയ്ക്ക് ഒരു എയിംസ് അടിയന്തരമായി അനുവദിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.