ഗാര്‍ഗി വനിതാ കോളജിലെ ലൈംഗികാതിക്രമം: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പ്രതികള്‍ക്ക് ജാമ്യം

പ്രതികള്‍ക്കെതിരേ കോളജിനുള്ളില്‍ അതിക്രമിച്ച് കടന്നതിന് കേസെടുത്തിട്ടുണ്ടെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

Update: 2020-02-14 09:17 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി വനിതാ കോളജിലെ വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ 10 പ്രതികള്‍ക്കും ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 10,000 രൂപ വീതമൊടുക്കാന്‍ നിര്‍ദേശിച്ചാണ് ഓരോരുത്തര്‍ക്കും ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഒരുദിവസത്തിനുള്ളില്‍തന്നെ ജാമ്യം ലഭിച്ചിരിക്കുന്നത് ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് സാകേത് കോടതി മുഴുവന്‍ പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്. പ്രതികളെ തിഹാര്‍ ജയിലിലേക്ക് അയക്കാനും നിര്‍ദേശിച്ചിരുന്നു.

പ്രതികള്‍ക്കെതിരേ കോളജിനുള്ളില്‍ അതിക്രമിച്ച് കടന്നതിന് കേസെടുത്തിട്ടുണ്ടെന്നും ലൈംഗികാതിക്രമം നടത്തിയതിന് തെളിവില്ലെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. അറസ്റ്റിലായവര്‍ ഒരു ഗേറ്റ് തകര്‍ത്ത് കോളജ് പരിസരത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് സ്ഥാപിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരും ഡല്‍ഹി- എന്‍സിആര്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമാണെന്ന് പോലിസ് തിരിച്ചറിഞ്ഞിരുന്നു. കോളജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ കണ്ടെത്തിയത്.

വാര്‍ഷിക കോളജ് ഫെസ്റ്റിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെയാണ് വനിതാ കോളജില്‍ ഒരുസംഘം അതിക്രമിച്ച് കടന്നതും വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചതും. കോളജിനകത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ് ശ്രീറാം വിളിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാംപസില്‍ 30ലധികം ആളുകളെത്തിയെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥിനികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാര്‍ലമെന്റിലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. പിന്നാലെ ഡല്‍ഹി പോലിസ് കേസെടുക്കുകയായിരുന്നു. 11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തിയത്. 

Tags:    

Similar News