ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന് സമ്മാനിച്ചു

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. സിനിമാജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫാല്‍ക്കെ പുരസ്‌കാരം ബച്ചനെ തേടിയെത്തുന്നത്.

Update: 2019-12-29 14:08 GMT

ന്യൂഡല്‍ഹി: ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. സിനിമാജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫാല്‍ക്കെ പുരസ്‌കാരം ബച്ചനെ തേടിയെത്തുന്നത്. ഭാര്യ ജയാ ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അമിതാഭ് ബച്ചനെത്തിയത്. നര്‍മം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചന്‍ പ്രസംഗിച്ചത്. ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് എനിക്കാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആദ്യം എന്റെ മനസ്സിലുയര്‍ന്ന സംശയമിതാണ്.

ഇനി വിരമിക്കാനൊക്കെ സമയമായി, ഇനി വീട്ടിലിരുന്നോളൂ എന്ന് എനിക്ക് സൂചന തരികയാണോ ഇതിലൂടെ എന്ന്. എന്നാല്‍, എനിക്കിനിയും ജോലിചെയ്യേണ്ടതുണ്ട്. പൂര്‍ത്തിയാക്കേണ്ട ജോലികള്‍ പലതുണ്ട്. അത് തീര്‍ക്കണം. അപ്പോഴേക്ക് ഭാവിയിലും എന്നെത്തേടി സിനിമകള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നുമില്ല, ഇവിടെ ഇത് പറയുന്നു എന്ന് മാത്രം- ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ പിതാവ് ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ, അഥവാ, ദാദാസാഹേബ് ഫാല്‍ക്കെയുടെ ബഹുമാനാര്‍ഥം 1969ലാണ് ആദ്യപുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. സ്വര്‍ണതാമരയും ഒരു പഷ്മീനാ ഷാളും, 10 ലക്ഷം രൂപയുമാണ് ബഹുമതിയായി ലഭിക്കുക. അന്തരിച്ച വിഖ്യാത നടന്‍ വിനോദ് ഖന്നയാണ് 2017ല്‍ പുരസ്‌കാരം നേടിയത്. 

Tags:    

Similar News