കൊവിഡിനെ പ്രതിരോധിക്കാന്‍ മലമ്പനിയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ സൂചിപ്പിച്ചതായി റിപോര്‍ട്ടുണ്ട്.

Update: 2020-03-31 06:51 GMT

ഗുവാഹത്തി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലമ്പനിക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുവാഹത്തിയില്‍ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ഉത്പല്‍ജിത് ബര്‍മനാണ്(44) മരിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഡോ. ബര്‍മന്‍ മലമ്പനിക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിച്ചത്.

ഈ മരുന്നാണോ ഹൃദയാഘാതത്തിന് കാരണമായതെന്ന് വ്യക്തമല്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ സൂചിപ്പിച്ചതായി റിപോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതിരോധമരുന്നെന്ന നിലയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കാവുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡോ. ബര്‍മന്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നില്ല.

സ്വന്തം നിര്‍ദേശപ്രകാരം മരുന്നു കഴിക്കരുതെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്താകമാനം 1200 ലധികം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അസം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രിയുടെ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ നിര്‍ദേശമനുസരിച്ച് അസമിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റും ഹൈഡ്രോക്‌സി ക്ലോറോക്വിനും ചൈനയില്‍ കോവിഡ് 19 ന്റെ ചികിൽസക്ക് മരുന്നായി നല്‍കിയിരുന്നു. 

Tags:    

Similar News