ബംഗളൂരു: പോലിസ് വെടിവയ്പില്‍ മരണം മൂന്നായി; എംഎല്‍എയുടെ മരുമകന്റെ പോസ്റ്റ് അത്യന്തം പ്രകോപനപരം, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിതശ്രമം
വിശ്വാസിയെ അത്യന്തം പ്രകോപിപ്പിക്കുന്ന വിധമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടും അത് നീക്കംചെയ്യാനോ കേസെടുക്കാനോ പോലിസ് തയാറാവാത്തതാണ് കലാപം പൊട്ടിപ്പുറപ്പെടുന്ന തരത്തിലേക്ക് സാഹചര്യം സങ്കീര്‍ണമാക്കിയത്.
പി സി അബ്ദുല്ല
ബംഗളൂരു: പ്രവാചകനിന്ദയ്‌ക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരെയുണ്ടായ പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടിയാണ് മരണപ്പെട്ടത്. അതിനിടെ, പ്രവാചകന്‍ മുഹമ്മദ് നബിയെ ഹീനമായി അധിക്ഷേപിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരീ പുത്രന്‍ രംഗത്തുവന്ന സംഭവം കലാപമായി രൂപപ്പെട്ടതിനു പിന്നില്‍ സര്‍ക്കാര്‍ വീഴ്ചയും പോലിസ് അനാസ്ഥയുമാണെന്ന ആക്ഷേപം ശക്തം.
വിശ്വാസിയെ അത്യന്തം പ്രകോപിപ്പിക്കുന്ന വിധമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടും അത് നീക്കംചെയ്യാനോ കേസെടുക്കാനോ പോലിസ് തയാറാവാത്തതാണ് കലാപം പൊട്ടിപ്പുറപ്പെടുന്ന തരത്തിലേക്ക് സാഹചര്യം സങ്കീര്‍ണമാക്കിയത്. പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അടക്കമുള്ളവരുടെ മുന്നില്‍ പരാതിയെത്തിയിട്ടും ആദ്യഘട്ടത്തില്‍ ഇടപെടലുണ്ടായില്ലെന്നാണ് വിവരം.
അതേസമയം, പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമടക്കമുള്ള പ്രത്യേക സമുദായത്തില്‍പെട്ടവരെ പ്രതിചേര്‍ത്താണ് ബംഗളൂരു പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 200 ലേറെ പേരെ പ്രതിചേര്‍ത്ത കേസില്‍ 57 പേരുടെ അറസ്റ്റാണ് രാവിലെ എട്ടുവരെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ മംഗളൂരു സംഘര്‍ഷത്തില്‍ സ്വീകരിച്ചതിനു സമാനമായ ഏകപക്ഷീയ നീക്കങ്ങളാണ് ബംഗളൂരുവിലും പോലിസ് സ്വീകരിക്കുന്നത്.
പോലിസിന്റെ അഭ്യര്‍ഥനപ്രകാരം സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്ഡിപിഐ നേതാക്കള്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കി. പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം എസ്ഡിപിഐ ജില്ലാ പ്രസിഡന്റിനെയും മറ്റും വിട്ടയക്കാമെന്ന് പോലിസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ചില മാധ്യമങ്ങളെ സ്വാധീനിച്ച് എസ്ഡിപിഐയെയും മറ്റു ചില മുസ്‌ലിം സാമൂഹിക സംഘടനകളെയും കലാപവുമായി ബന്ധപ്പെടുത്താന്‍ പോലിസ് ശ്രമിക്കുന്നതായാണ് ആരോപണം.
ഇന്നലെ രാത്രി കലാപം പൊട്ടിപ്പുറപ്പെട്ട നഗരപ്രാന്തത്തിലെ കെ ജി ഹള്ളി, ഡി ജെ ഹള്ളി പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. പോലിസിന്റെ അഭ്യര്‍ഥനപ്രകാരം പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ രാത്രി തന്നെ സമാധാനപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തി. നേതാക്കളായ അബ്ദുല്‍ ഹനാന്‍, മുസമ്മില്‍ തുടങ്ങിയവര്‍ ജനങ്ങളെ ശാന്തരാക്കാന്‍ രംഗത്തിറങ്ങി. ഇതിനിടെയാണ് മുസമ്മില്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷം വ്യാപിച്ചതോടെ പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ മുസ്‌ലിം യുവാക്കള്‍തന്നെ രംഗത്തെത്തി. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാത്രി പത്തോടെ ഡി ജെ ഹള്ളി കാവല്‍ ബൈരസാന്ദ്രയിലാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ് ഫെയ്‌സ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത്. നവീനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകള്‍ നവീന്റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു.
എംഎല്‍എയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകളടക്കം തകര്‍ന്നു. നവീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലിസ് സ്‌റ്റേഷനുകളുടെ മുന്നിലും ആളുകള്‍ തടിച്ചുകൂടി. പോലിസ് സ്‌റ്റേഷനു നേരെയും കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നൂറോളം പേര്‍ വീടിനു നേരെ കല്ലെറിയുകയും അതിക്രമിച്ചുകടക്കുകയുമായിരുന്നു. എംഎല്‍എയുടെ വീടും ഓഫിസും ആക്രമിച്ചതിനൊപ്പം 15 ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.