2016നും 2018നുമിടയ്ക്ക് രാജ്യത്ത് പാമ്പുകടിയേറ്റ് മരിച്ചത് 3,013 ആളുകള്‍
ആകെ റിപോര്‍ട്ട് ചെയ്ത അഞ്ചുലക്ഷം കേസുകളില്‍നിന്നാണ് ഇത്രയുമാളുകള്‍ക്ക് ജീവഹാനിയുണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റുള്ള അപകടമരണങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് പാമ്പുകടിയേറ്റുള്ള അപകടങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന് കീഴില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇതുസംബന്ധിച്ച ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2016-18 കാലയളവില്‍ 3,013 ആളുകള്‍ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്. ആകെ റിപോര്‍ട്ട് ചെയ്ത അഞ്ചുലക്ഷം കേസുകളില്‍നിന്നാണ് ഇത്രയുമാളുകള്‍ക്ക് ജീവഹാനിയുണ്ടായിരിക്കുന്നത്. പാമ്പുകടിയേറ്റുള്ള അപകടമരണങ്ങള്‍ കുറഞ്ഞുവരുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
പ്രത്യേകം ശ്രദ്ധയില്‍പെടുന്ന പാമ്പുവര്‍ഗങ്ങളുടെ വിഷം പ്രതിരോധിക്കാനുള്ള മരുന്നുകളെ വ്യാപകമായി ഉപയോഗത്തിലുള്ളൂ എന്നതാണ് ഒരു സാങ്കേതിക പ്രതിസന്ധി. എന്നാല്‍, ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം മരുന്നുകള്‍ നിര്‍മിക്കാവൂ എന്ന് പ്രത്യേക നിര്‍ദേശം നല്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്ത അടിയന്തര ആരോഗ്യപരിപാലന സര്‍ക്കുലറില്‍ പാമ്പിന്‍ വിഷത്തിനെതിരെയുള്ള പ്രതിരോധമരുന്നിനെപ്പറ്റി പ്രത്യേക വിവരങ്ങളുണ്ട്.