നിയമസഭാ തിരഞ്ഞെടുപ്പ്: ബജറ്റ് സമ്മേളനം നേരത്തെ അവസാനിപ്പിച്ചു; ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
രണ്ടുമാസത്തോളം നീണ്ടുനിന്ന ബജറ്റ് സമ്മേളനമാണ് ഇന്ന് സമാപിച്ചത്. ജനുവരി 29ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിപ്പിക്കുന്ന തരത്തിലാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ ക്രമീകരിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള സഭാനടപടികളില്‍ പങ്കെടുത്തിരുന്നില്ല. സ
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ കേന്ദ്ര ബജറ്റ് സമ്മേളനം നിശ്ചയിച്ചതിലും രണ്ടാഴ്ച നേരത്തെ അവസാനിപ്പിച്ച് ലോക്‌സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന ബജറ്റ് സമ്മേളനമാണ് ഇന്ന് സമാപിച്ചത്. ജനുവരി 29ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിപ്പിക്കുന്ന തരത്തിലാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ ക്രമീകരിച്ചിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള സഭാനടപടികളില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് ചെയറിലുണ്ടായിരുന്ന എംപി ഭര്‍ത്ഹാരി മെഹ്താബ് സ്പീക്കര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
സ്പീക്കറുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം സഭാംഗങ്ങളെ അറിയിച്ചു. സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ മെഹ്താബ്, രാജേന്ദ്ര അഗര്‍വാള്‍, രമാദേവി, മീനാക്ഷി ലേഖി, മിഥുന്‍ റെഡ്ഡി എന്നിവരടങ്ങുന്ന ചെയര്‍പേഴ്‌സന്‍മാരുടെ സമിതിയാണ് ചെയര്‍ നിയന്ത്രിച്ചത്. സാധാരണയായി സഭയിലെ 10 അംഗങ്ങള്‍ ചെയര്‍പേഴ്‌സന്‍മാരുടെ പാനലില്‍ ഉള്‍പ്പെടാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരവധി കാബിനറ്റ് മന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സഭാസമ്മേളനത്തില്‍ പങ്കെടുത്തു.
പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ബജറ്റ് സെഷന്റെ ആദ്യഭാഗം ജനുവരി 29നാണ് ആരംഭിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസംഗം ബഹിഷ്‌കരിച്ചു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷിക വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി നാലുദിവസം സഭാനടപടികള്‍ സ്തംഭിച്ചു.
സെഷന്റെ നഷ്ടപ്പെട്ട സമയം നികത്താന്‍ സഭ അര്‍ധരാത്രി വരെ നിരവധി ദിവസങ്ങളില്‍ ചേര്‍ന്നു. ഇന്ധനവില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ മാര്‍ച്ച് എട്ടിന് ആരംഭിച്ച ബജറ്റ് സെഷന്റെ രണ്ടാം ഭാഗവും ആദ്യ കുറച്ചുദിവസം സ്തംഭിച്ചിരുന്നു. വിവിധ നികുതി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധനകാര്യ ബില്ലിനൊപ്പം 2021-22 വര്‍ഷത്തേക്കുള്ള വിവിധ ഗ്രാന്റുകള്‍ പാസാക്കിയെടുക്കുക എന്നതായിരുന്നു സെഷന്റെ രണ്ടാം ഭാഗത്ത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.